
സ്വന്തം ലേഖകൻ: കോൾ സെന്ററുകൾ ഉൾപ്പെടെ കസ്റ്റമർ സർവീസ് സേവനങ്ങൾ പൂർണമായും സ്വദേശിവത്കരിക്കുമെന്ന് സൗദി സാമൂഹിക മാനവ വിഭവശേഷി മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽ രാജിഹി പറഞ്ഞു. പുതിയ നിർദേശപ്രകാരം കോൾസെന്ററുകൾ, ഇമെയിലുകൾ, ഓൺലൈൻ ചാറ്റുകൾ, സാമൂഹിക മാധ്യമ ഇടപെടൽ എന്നിവ ഉൾപ്പെടെ വിദൂരമായി നൽകുന്ന എല്ലാ തരം ഉപഭോക്‌തൃ സേവനങ്ങൾക്കും പുറം രാജ്യത്ത് നിന്ന് ആളുകളെ നിയമിക്കാൻ കഴിയില്ല.
സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുന്നതിന്റെ ഭാഗമായി കസ്റ്റമർ കെയർ സേവന ഇടങ്ങളിലെല്ലാം സൗദികൾ ആയിരിക്കണമെന്നതാണ് ലക്ഷ്യം. കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ, നാഷനൽ സൈബർ സെക്യൂരിറ്റി അതോറിറ്റി, ലോക്കൽ കണ്ടന്റ്, ഗവൺമെന്റ് പ്രൊക്യുർമെന്റ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുക.
ഈ രംഗത്ത് സ്വദേശികൾക്ക് പരിശീലനം നൽകുന്നതിനായി നിലവിലുള്ള സംരംഭങ്ങളിലൂടെ പരിശീലന പരിപാടികൾ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ പുരുഷന്മാർക്കും സ്ത്രീകൾക്കും തൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒ ാൺലൈൻ ഉപഭോക്‌തൃ സേവന ജോലികൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.
വിദൂര ജോലിക്കുള്ള സാധ്യതകളും മാർഗങ്ങളും ശക്തിപ്പെടുത്തുക, സ്വകാര്യമേഖലയിലെ ഡിജിറ്റൽ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, തൊഴിൽ കുടിയേറ്റം കുറക്കുക, സ്വദേശികളുമായി ഇടപഴകുന്നതിലൂടെ ഉപഭോക്തൃസേവനം എളുപ്പമാക്കുക, ഒാൺലൈൻ ഉപഭോക്‌തൃ സേവന മേഖലകളിൽ കൂടുതൽ ജോലിസാധ്യതകൾ സൃഷ്ടിക്കുക, ദേശീയ വിവരശേഖരണം പരിരക്ഷിക്കുക തുടങ്ങിയവയും പുതിയ തീരുമാനത്തിൻ്റെ ലക്ഷ്യങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല