
സ്വന്തം ലേഖകൻ: വാക്‌സിന്‍ എടുക്കാത്ത വിദ്യാര്‍ഥികളെയും ജീവനക്കാരെയും സ്‌കൂളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അല്‍ ഷെയ്ഖ് വ്യക്തമാക്കി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഇതിന് തെളിവായി മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. ഇത് പരിശോധിച്ച ശേഷം മാത്രമേ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ സ്‌കൂള്‍ കോംപൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ ഗവര്‍ണറേറ്റുകളിലെയും റീജ്യണുകളിലെയും വിദ്യാഭ്യാസ ഡയരക്ടര്‍മാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ സ്‌കൂളുകളിലും കോവിഡ് നിയന്ത്രണങ്ങള്‍ ശരിയായ രീതിയില്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഡയരക്ടര്‍മാര്‍ മുതല്‍ ക്ലാസ് ടീച്ചര്‍മാര്‍ വരെയുള്ളവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം അറിയിച്ചു. പുതിയ അധ്യയന വര്‍ഷത്തില്‍ ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും ഉള്‍പ്പെടെ 60 ലക്ഷം വിദ്യാര്‍ഥികളാണ് സ്‌കൂളുകളിലേക്ക് തിരികെ എത്തുന്നതെന്നും മന്ത്രി അറിയിച്ചു.
നിറയെ പ്രതീക്ഷകളുമായി ക്ലാസ്സുകളില്‍ തിരികെയെത്തുന്ന ഇവര്‍ക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായി വിദ്യാഭ്യാസ സാഹചര്യം ഒരുക്കേണ്ട ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു അതിനിടെ, പൂര്‍ണമായി വാക്‌സിന്‍ എടുക്കാത്ത വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ആരംഭിച്ച ഇന്നു മുതല്‍ രണ്ടാഴ്ച വരെ ആബ്‌സന്റ് അടയാളപ്പെടുത്തില്ലെന്ന് മന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് സൗദി പ്രസ്സ് ഏജന്‍സി അറിയിച്ചു. രണ്ടാഴ്ച കഴിഞ്ഞും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ ആബ്‌സന്റ് രേഖപ്പെടുത്തും.
12 വയസ്സിന് മുകളില്‍ പ്രായമുള്ള വാക്‌സിന്‍ എടുക്കാത്തവരെ ക്ലാസ്സുകളില്‍ പ്രവേശിപ്പിക്കില്ലെന്നും അവര്‍ക്ക് ഓണ്‍ലൈന്‍ വഴി പഠിക്കാന്‍ സൗകര്യം ഒരുക്കുമെന്നും മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണമൊന്നുമില്ലാതെ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ക്ലാസ്സില്‍ ആബ്‌സന്റ് മാര്‍ക്ക് ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ അര്‍ഹരായ 93 ശതമാനം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഒരു ഡോസ് വാക്‌സിന്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.
37 ശതമാനം വിദ്യാര്‍ഥികള്‍ക്ക് രണ്ടു ഡോസും നല്‍കി. യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളില്‍ 85 ശതമാനത്തിന് ആദ്യഡോസും 59 ശതമാനത്തിന് രണ്ടാം ഡോസും ലഭിച്ചു. ഇന്റര്‍മീഡിയറ്റ്, സെക്കന്ററി തലത്തിലെ വിദ്യാര്‍ഥികള്‍ക്കും യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കും ടെക്കിനിക്കല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും ഓഗസ്റ്റ് 29 മുതല്‍ തന്നെ നേരിട്ടുള്ള ഓഫ്‌ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കാനാണ് തീരുമാനം.
അതേസമയം, പ്രൈമറി ക്ലാസ്സുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ പോലുള്ളവയ്ക്കും നവംബര്‍ ഒന്നു മുതലാണ് നേരിട്ടുള്ള ക്ലാസ്സുകള്‍ തുടങ്ങുക. അതുവരെ നിലവിലെ രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരും. നവംബര്‍ ഒന്നിനു മുമ്പ് സൗദിയിലെ 70 ശതമാനം ആളുകള്‍ക്കും രണ്ട് ഡോസ് വാക്‌സിനും ലഭിക്കുന്നതിലൂടെ സാമൂഹിക പ്രതിരോധം കൈവരിക്കാനായാല്‍ അതുമുതല്‍ ഇവര്‍ക്കും നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാനാണ് തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല