
സ്വന്തം ലേഖകൻ: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാനുള്ള തീരുമാനവുമായി സൗദി അധികൃതര്‍ മുന്നോട്ട്. ഇതുമായി ബന്ധപ്പെട്ട വിശദമായ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഹമദ് അല്‍ ഷെയ്ഖ് പ്രഖ്യാപിച്ചു. പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചാണ് മന്ത്രി പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
ഇന്റര്‍മീഡിയറ്റ്, സെക്കന്ററി തലത്തിലെ വിദ്യാര്‍ഥികള്‍ക്കും യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കും ടെക്കിനിക്കല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും ഓഗസ്റ്റ് 29 മുതല്‍ തന്നെ നേരിട്ടുള്ള ഓഫ്‌ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കാനാണ് തീരുമാനം. അതേസമയം, പ്രൈമറി ക്ലാസ്സുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ പോലുള്ളവയ്ക്കും നവംബര്‍ ഒന്നു മുതലാണ് നേരിട്ടുള്ള ക്ലാസ്സുകള്‍ തുടങ്ങുക.
അതുവരെ നിലവിലെ രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരും. നവംബര്‍ ഒന്നിനു മുമ്പ് സൗദിയിലെ 70 ശതമാനം ആളുകള്‍ക്കും രണ്ട് ഡോസ് വാക്‌സിനും ലഭിക്കുന്നതിലൂടെ സാമൂഹിക പ്രതിരോധം കൈവരിക്കാനായാല്‍ അതുമുതല്‍ ഇവര്‍ക്കും നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാനാണ് തീരുമാനം.
അതേസമയം, മുതര്‍ന്ന കുട്ടികളില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും നേരിട്ടുള്ള ക്ലാസ്സുകളില്‍ പ്രവേശനമെന്ന് മന്ത്രി അറിയിച്ചു. വാക്‌സിന്‍ എടുക്കാത്തവരോ ഒരു ഡോസ് മാത്രം എടുത്തവരോ ഓണ്‍ലൈന്‍ പഠനരീതി തുടരാനാണ് നിര്‍ദ്ദേശം. നിലവില്‍ ഒരു ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് എടുക്കുന്ന മുറയ്ക്ക് ക്ലാസ്സില്‍ നേരിട്ടെത്താം.
കുട്ടികളുടെയും അവരുടെ കുടുംബാംഗങ്ങളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെ ക്ലാസ്സില്‍ ഹാജരാവാത്ത വിദ്യാര്‍ഥികള്‍ക്കായി അന്നന്നത്തെ ക്ലാസ്സുകള്‍ മദ്‌റസത്തീ പ്ലാറ്റ്‌ഫോമില്‍ അപ്‌ലോഡ് ചെയ്യും. വൈകിട്ട് 3.30 നുതല്‍ ഏഴ് മണി വരെയായിരിക്കും ഓണ്‍ലൈന്‍ ക്ലാസ്സിന്റെ സമയം.
കോവിഡ് പ്രതിരോധത്തിനായുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും ഒക്കെയായി ഇത്തവണ ഒരു ബില്യന്‍ റിയാലാണ് വിദ്യാഭ്യാസ മന്ത്രാലയം ഇതിനകം ചെലവഴിച്ചത്. നേരത്തേ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന 671 വിദ്യാലയങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ കെട്ടിടങ്ങളിലേക്ക് മാറിയതായും മന്ത്രി അറിയിച്ചു.
രാജ്യത്തെ 50 കമ്മ്യൂണിറ്റി കോളേജുകള്‍ അപ്ലൈഡ് കോളേജുകളായി ഉയര്‍ത്തിയതായും അദ്ദേഹം പറഞ്ഞു. മൂന്ന് സെമസ്റ്റര്‍ ഉള്‍ക്കൊള്ളുന്ന പുതിയ പാഠ്യപദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പിലാക്കും. അതേസമയം, രാജ്യത്തെ അര്‍ഹരായ 93 ശതമാനം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഒരു ഡോസ് വാക്‌സിന്‍ ഇതിനകം വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു.
37 ശതമാനം വിദ്യാര്‍ഥികള്‍ക്ക് രണ്ടു ഡോസും നല്‍കി. യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളില്‍ 85 ശതമാനത്തിന് ആദ്യഡോസും 59 ശതമാനത്തിന് രണ്ടാം ഡോസും ലഭിച്ചു. 3.31 ലക്ഷം അധ്യാപകര്‍ക്കാണ് പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി പരിശീലനം നല്‍കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല