1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2021

സ്വന്തം ലേഖകൻ: 12നും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് എട്ടിന് മുമ്പ് വാക്സിന്റെ ആദ്യ ഡോസിനായി രജിസ്റ്റര്‍ ച്യെയണമെന്ന് സൗദി ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. അടുത്ത അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് നിര്‍ദ്ദേശം. പുതിയ അക്കാദമിക വര്‍ഷത്തിലെ ആദ്യ ടേമില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സുകളിലേക്ക് തിരികെയെത്താന്‍ സാധിക്കണമെങ്കില്‍ ഓഗസ്റ്റ് എട്ടിന് മുമ്പ് ആദ്യ ഡോസ് എടുത്തിരിക്കണം.

രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കുന്നതിന് മൂന്നാഴ്ച്ചയെങ്കിലും ഇടവേള വേണം എന്നതിനാലാണിത്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ സ്‌കൂളുകളും സര്‍ക്കുലറുകള്‍ ഇറക്കിയിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ക്കു മാത്രമേ നേരിട്ടുള്ള ക്ലാസ്സുകളില്‍ പ്രവേശനം അനുവദിക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. സിഹത്തീ, തവക്കല്‍നാ ആപ്പുകള്‍ വഴി വാക്‌സിനേഷന്‍ രജിസ്റ്റര്‍ ചെയ്യാം.

ഇന്റര്‍ മീഡിയറ്റ്, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സിനു പകരം നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. ഓഗസ്റ്റ് 29 നാണ് നിലവില്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കുക. ഇതിനു മുമ്പ് വിദ്യാര്‍ഥികളും സ്‌കൂള്‍ അധ്യാപകരും ജീവനക്കാര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും അല്ലാത്തവര്‍ക്ക് സ്‌കൂളില്‍ പ്രവേശനം അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

അതേസമയം, മലയാളികള്‍ ഉള്‍പ്പെടെ സ്വന്തം നാടുകളില്‍ കഴിയുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാവും. ഇന്ത്യ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും 18ന് വയസ്സിന് മുകളിലുള്ളവര്‍ക്കു മാത്രമേ വാക്‌സിന്‍ നല്‍കുന്നുള്ളൂ എന്നതിനാലാണിത്. ഓഗസ്റ്റ് എട്ടിന് മുമ്പ് സൗദിയിലെത്തി ആദ്യ ഡോസ് വാക്‌സിന്‍ എടുക്കുകയെന്നത് അവരെ സംബന്ധിച്ചിടത്തോളം എളുപ്പമാവില്ല. പുതിയ അധ്യയന വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

കോവിഡ് വ്യാപനത്തോത് നിയന്ത്രണാധീനമായ സാഹചര്യത്തില്‍ കൂടുതല്‍ മേഖലകള്‍ തുറക്കാന്‍ സൗദി ഭരണകൂടം നേരത്തേ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം വിദേശ ടൂറിസറ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചു കഴിഞ്ഞു. അതേസമയം, വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രം പൊതു ഇടങ്ങളില്‍ പ്രവേശനം അനുവദിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിയമം ഓഗസ്റ്റ് ഒന്ന് മുതല്‍ രാജ്യത്ത് നിലവില്‍ വന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.