1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2022

സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക് നാലാം ഡോസ് നല്‍കാനുള്ള നടപടികളുമായി സൗദി ആരോഗ്യ മന്ത്രാലയം. എന്നാല്‍ ആദ്യ ഘട്ടത്തില്‍ പ്രതിരോധ ശേഷി കുറഞ്ഞ ആറു വിഭാഗം ആളുകള്‍ക്ക് മാത്രമേ ഇത് വിതരണം ചെയ്യുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. ഒന്നാം ബൂസ്റ്റര്‍ ഡോസ് എടുത്ത് നാലു മാസം കഴിഞ്ഞവര്‍ക്കാണ് രണ്ടാം ബൂസ്റ്റര്‍ ഡോസായി നാലാമത്തെ ഡോസ് നല്‍കുന്നത്. ഈ വിഭാഗങ്ങളില്‍ പെട്ട സ്വദേശികള്‍ക്കും വിദേശികള്‍ക്കും നാലാം ഡോസ് ലഭിക്കും.

50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, വൃക്ക തകരാറിലായ രോഗികള്‍, കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവരോ പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവരോ ആയ രോഗികള്‍, നിലവില്‍ ചികില്‍സയിലിരിക്കുന്ന കാന്‍സര്‍ രോഗികള്‍, എച്ച്‌ഐവി പോലുള്ള രോഗപ്രതിരോധ ശേഷി കുറയ്ക്കുന്ന രോഗങ്ങളുള്ളവര്‍, ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുന്ന തരത്തിലുള്ള മരുന്ന് കഴിക്കുന്നവരും അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരുമായ രോഗികള്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കുക.

ഇവര്‍ രണ്ടാം ബൂസ്റ്റര്‍ ഡോസിനായി രജിസ്റ്റര്‍ ചെയ്യണം. മെഡിക്കല്‍ രംഗത്തെ വിദഗ്ധ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ബൂസ്റ്റര്‍ ഡോസ് രാജ്യത്ത് വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

അതിനിടെ, സൗദിയില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 467 പ്രതിദിന കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 763,042 ആയി. ഇന്നലെ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇതോടെ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 9,130 ആയി. പുതുതായി 133 പേര്‍ ജിദ്ദയിലും 119 പേര്‍ റിയാദിലും 48 പേര്‍ മദീനയിലും 41 പേര്‍ ദമാമിലും 40 പേര്‍ മക്കയിലുമാണ് കോവിഡ് ബാധിതരായത്. മറ്റിടങ്ങളില്‍ 20 കുറവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

നിലവില്‍ രാജ്യത്ത് 6,420 ആക്ടീവ് കോവിഡ് കേസുകളാണുള്ളത്. അവരില്‍ 77 പേര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുകയാണ്. ഇന്നലെ 493 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 747,492 ആയി. രാജ്യത്ത് ഇതിനകം 65 ദശലക്ഷം പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 25 ദശലക്ഷത്തോളം ആളുകള്‍ പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.