1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2021

സ്വന്തം ലേഖകൻ: സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി മാളുകളിലെ ജോലികള്‍ മുഴുവന്‍ സൗദികള്‍ക്കു മാത്രമാക്കാനുള്ള തീരുമാനം നിലവില്‍ വന്നു. ആഗസ്ത് നാല് ബുധനാഴ്ചയോടെയാണ് നേരത്തേ പ്രഖ്യാപിച്ച മാളുകളിലെ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലായതെന്ന് സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

കോള്‍ സെന്ററുകള്‍ അടക്കം കസ്റ്റമര്‍ കെയര്‍ സെന്ററുകളിലെ എല്ലാ ജോലികളും സൗദികള്‍ക്കു മാത്രമാക്കിയ നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണിത്. മാളുകളിലെയും അതുമായി ബന്ധപ്പെട്ട മാനേജ്‌മെന്റ് ഓഫീസുകളിലെയും മുഴുവന്‍ ജോലികളും ഇതോടെ സൗദികള്‍ക്കു മാത്രമായി. ക്ലീനിംഗ്, ബാര്‍ബര്‍, കയറ്റിറക്ക് പോലുള്ള ഏതാനും ചെറിയ ജോലികളില്‍ മാത്രമാണ് വിദേശികള്‍ക്ക് ലഭ്യമാവുക. അതേസമയം, മാളിലെ ആകെ ജീവനക്കാരുടെ 20 ശതമാനത്തില്‍ കൂടുതല്‍ പ്രവാസികള്‍ ഉണ്ടാവരുതെന്നും നിയമമുണ്ട്.

ഈ വര്‍ഷം ഏപ്രിലില്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം സൗദി മനുഷ്യവിഭവ സാമൂഹിക വികസന വകുപ്പ് മന്ത്രി അഹ്മദ് അല്‍ റാജിഹി നടത്തിയിരുന്നു. മാളുകളിലെ 51,000ത്തിലേറെ ജോലികള്‍ ഇതോടെ സൗദികള്‍ക്ക് മാത്രമാകും. അതേസമയം, മാളുകളിലെ കഫേകള്‍, റെസ്റ്റൊറന്റുകള്‍ എന്നിവിടങ്ങിലെ ചെറിയ ജോലികള്‍ വിദേശികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്.

കഫേകളില്‍ 50 ശതമാനം, റെസ്റ്റൊറന്റുകളില്‍ 40 ശതമാനം എന്നിങ്ങനെയാണ് സ്വദേശിവല്‍ക്കരണത്തിന്റെ തോത്. ഹൈപ്പര്‍മാര്‍ക്കറ്റുകളിലെയും സൂപ്പര്‍മാര്‍ക്കറ്റുകളിലെയും ജോലികളിലും പ്രവാസികളെ അനുവദിക്കും. രാജ്യത്തെ റെസ്റ്റൊറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളിലെ സെയില്‍സ് ഔട്ട്‌ലെറ്റുകള്‍, പ്രധാന സപ്ലൈ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെ നിശ്ചിത ശതമാനം ജോലികളും സൗദികള്‍ക്ക് മാത്രമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

മാളുകളിലെ ജോലികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള തീരുമാനം ഏപ്രില്‍ ഏഴിനായിരുന്നു മന്ത്രാലയം കൈക്കൊണ്ടത്. നിലവിലുള്ള പ്രവാസികളെ പിരിച്ചുവിട്ട് പകരം സൗദികളെ നിയമിക്കുന്നതിന് മാള്‍ ഉടമകള്‍ക്ക് 120 ദിവസമായിരുന്നു അനുവദിച്ചിരുന്നത്.

അനുവദിക്കപ്പെട്ട ഈ ഗ്രേസ് കാലാവധി ആഗസ്ത് നാലിന് അവസാനിച്ചതിനെ തുടര്‍ന്നാണ് നിയമം പ്രാബല്യത്തില്‍ വന്നതായി ഇന്നലെ പ്രഖ്യാപിച്ചത്. ഇനിയും നിയമം നടപ്പിലാക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്കെതിരേ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് പുതിയ ഈ തീരുമാനം നടപ്പിലായതോടെ ജോലി നഷ്ടമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.