
സ്വന്തം ലേഖകൻ: സൗദിയിൽ വിഗദ്ധ തൊഴിലാളികൾക്കുള്ള തൊഴിൽ പരീക്ഷ മൂന്നാംഘട്ടം ആരംഭിച്ചു. വിദഗ്ധ തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് അവ നിർവഹിക്കുന്നതിന് ആവശ്യമായ കഴിവുകൾ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നതിനുള്ള തൊഴിൽ നൈപുണ്യ പരീക്ഷയാണിത്. മൂന്നാംഘട്ടത്തിൽ 50 മുതൽ 499 തൊഴിലാളികളുള്ള സ്ഥാപനങ്ങളെയാണ് ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടത്തിലും രണ്ടാംഘട്ടത്തിലും ഇതിലും കൂടുതൽ ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കായിരുന്നു പരീക്ഷ. പരീക്ഷക്കായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 34 കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 23 സ്പെഷ്യലൈസേഷനുകളിലെ 1099 ജോലികളാണ് പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ എട്ട് സ്പെഷ്യലൈസേഷനുകളിലെ 205 ജോലികളിലാണ് പരീക്ഷ നടത്തിയത്.
ഇക്കഴിഞ്ഞ ജൂലൈയിലാണ് വിദഗ്ധ തൊഴിലാളികൾക്ക് തൊഴിൽ പരീക്ഷ മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ചത്. അന്താരാഷ്ട്ര നിലവാരമനുസരിച്ച് സൗദി തൊഴിൽ കമ്പോളത്തിെൻറ ആവശ്യങ്ങൾ നിറവേറ്റുന്നതിനും തൊഴിൽ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും തൊഴിൽ വിപണിയിൽ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്രഫഷനൽ തൊഴിൽ ശക്തിയുടെ വികസനത്തിനും ലക്ഷ്യമിട്ടാണ് തൊഴിൽ പരീക്ഷ ഏർപ്പെടുത്തിയത്.
സൗദിയിലേക്ക് വരുന്നതിനു മുമ്പ്, സൗദിയിലെത്തിയ ശേഷം എന്നിങ്ങനെ രണ്ട് രീതിയിലാണ് പരീക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ അന്താരാഷ്ട്ര പ്രഫഷനൽ പരീക്ഷ കേന്ദ്രവുമായി സഹകരിച്ചാണ് സൗദിയിലേക്ക് വരുന്നതിനു മുമ്പ് പരീക്ഷ നടത്തുന്നത്.
സൗദിയിലുള്ളവർക്ക് പ്രാദേശിക പരീക്ഷ കേന്ദ്രങ്ങളുടെ സഹായത്തോടെയും തുടക്കത്തിൽ ഇലക്ട്രിക്, പ്ലംബിങ് ജോലികളിലാണ് പരീക്ഷ ആരംഭിച്ചത്. പിന്നീട് എയർ കണ്ടീഷനിങ്, വെൽഡിങ്, ബിൽഡിങ് കാർപെന്‍ററി, കാർ മെക്കാനിക്സ്, കാർ ഇലക്ട്രിക്സ്, പെയിൻറിങ് എന്നീ ആറ് ജോലികൾ കൂടി പദ്ധതിയിലേക്ക് ചേർക്കുകയുണ്ടായി.
അഞ്ച് ഘട്ടങ്ങളിലായാണ് പരീക്ഷ ഒരുക്കിയിരിക്കുന്നത്. ജൂലൈയിൽ ആരംഭിച്ച ആദ്യഘട്ടം 3000ത്തിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ച രണ്ടാംഘട്ടത്തിൽ 500 മുതൽ 2999 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഉൾപ്പെടുത്തിയത്.
മൂന്നാംഘട്ടമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. അടുത്ത നവംബറിൽ ആരംഭിക്കുന്ന നാലാംഘട്ടത്തിൽ ആറ് മുതൽ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ ഉൾപ്പെടും. അഞ്ചാംഘട്ടം 2022 ജനുവരിയിലാണ് ആരംഭിക്കുക. ഒരു തൊഴിലാളി മുതൽ അഞ്ച് വരെ തൊഴിലാളികൾ ഇതിലുൾപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല