
സ്വന്തം ലേഖകൻ: സൗദിയിൽ ജോലി ചെയ്യുന്ന വിദേശികളായ വിദഗ്ധ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ നിർബന്ധിത തൊഴിൽ പരീക്ഷാപദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചു. 500 മുതൽ 2999 വരെ തൊഴിലാളികൾ ജോലിചെയ്യുന്ന വലിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണ് ഇൗ ഘട്ടത്തിൽ പരീക്ഷ. ബുധനാഴ്ച മുതലാണ് പരീക്ഷ ആരംഭിച്ചത്. വിദഗ്ധരായ തൊഴിലാളികൾക്ക് ആവശ്യമായ കഴിവുകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ അടുത്തിടെയാണ് സൗദി മാനവവിഭവ ശേഷി മന്ത്രാലയം ഘട്ടങ്ങളായി തൊഴിൽപരീക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
നേരത്തെ നിശ്ചയിച്ച തൊഴിലുകൾക്ക് പുറമെ എ.സി ടെക്നീഷ്യൻ, വെൽഡിങ്, കാർപെൻറർ, കാർ മെക്കാനിക്, കാർ ഇലക്ട്രീഷ്യൻ, പെയിൻറർ എന്നീ ആറ് പുതിയ വിദഗ്ധ തൊഴിലുകളിൽ കൂടി നൈപുണ്യ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. സൗദി തൊഴിൽ വിപണിയിലെ ജോലിയുടെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നിർബന്ധിത തൊഴിൽപരീക്ഷ പദ്ധതി നടപ്പാക്കുന്നത് തുടരുകയാണെന്ന് തൊഴിൽ പരീക്ഷ പ്രോഗ്രാം ഡയറക്ടർ എൻജി. സഅദ് അൽഉഖൈൽ പറഞ്ഞു.
ഇതുവരെ 205 വിദഗ്ധ തൊഴിലുകളിൽ പരീക്ഷ ആരംഭിച്ചിട്ടുണ്ട്. 23 സ്പെഷലൈസേഷനുകളിൽ വരുന്ന 1099 വിദഗ്ധ ജോലികളാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാസ്ഥാപനങ്ങൾക്കും നിർബന്ധിത പരീക്ഷാ പദ്ധതി ക്രമേണ നടപ്പാക്കും. മൂവായിരമോ അതിലധികമോ തൊഴിലാളികൾ ജോലിചെയ്യുന്ന ഭീമൻ സ്ഥാപനങ്ങൾക്ക് ആദ്യഘട്ടം കഴിഞ്ഞ ജൂലൈയിലാണ് ആരംഭിച്ചത്. ആറ് പുതിയ ജോലികളിൽ കൂടി നിർബന്ധിത പരീക്ഷ ഏർപ്പെടുത്തിയാണ് രണ്ടാംഘട്ടം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. അവസാനഘട്ടം അടുത്ത വർഷം ജനുവരി തുടക്കത്തിലാണ് നിശ്ചയിച്ചിട്ടുള്ളത്.
രണ്ട് രീതിയിലാണ് പരീക്ഷ നടത്തുന്നത്. ആദ്യത്തേത് പുതുതായി വരുന്ന വിദഗ്ധ തൊഴിലാളികളെ അവരുടെ രാജ്യങ്ങളിൽവെച്ച് അന്താരാഷ്ട്ര പരീക്ഷാ കേന്ദ്രങ്ങളുമായി സഹകരിച്ച് സൗദിയിലെത്തുന്നതിന് മുമ്പ് പരീക്ഷക്ക് വിധേയമാക്കുക എന്നതാണ്. രണ്ടാമത്തേത് നിലവിൽ സൗദിയിലുള്ള വിദഗ്ധ ജോലിക്കാരെ രാജ്യത്തുള്ള പ്രാദേശിക പരീക്ഷാകേന്ദ്രങ്ങളുടെ സഹകരണത്തോടെ പരീക്ഷക്ക് വിധേയമാക്കും എന്നതാണെന്നും തൊഴിൽ പരീക്ഷ പ്രോഗ്രാം ഡയറക്ടർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല