സ്വന്തം ലേഖകൻ: ഗാർഹിക തൊഴിൽനിയമത്തിൽ സുപ്രധാന മാറ്റവുമായി സൗദി. വീട്ടുജോലിക്കാർ, ഹൗസ് ഡ്രൈവർ, ഗാർഹിക വിസയിലുള്ള തൊഴിലാളികൾ എന്നിവർക്ക് അനുമതിയില്ലാതെ സ്പോൺസർഷിപ്പ് മാറ്റാൻ അനുവദിക്കും. നിർണായക ഭേദഗതിയുമായാണ് സൗദി എത്തിയിരിക്കുന്നത്. ഉപാധികളുടെ അടിസ്ഥാനത്തിലാണ് ഇളവ് അനുവദിക്കുന്നത്. സൗദി മാനവ വിഭവശേഷി മന്ത്രാലയാണ് ഭേദഗതി വരുത്തിയത്.
ശമ്പളം മുടങ്ങുന്നതുൾപ്പടെ തൊഴിലാളിക്ക് എതിരായ നടപടികൾ തൊഴിലുടമയുടെ ഭാഗത്തുനിന്നുണ്ടാകുന്ന സന്ദർഭങ്ങളിലാണ് സ്പോൺസറുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് മറ്റൊരു തൊഴിലേക്ക് മാറാൻ സാധിക്കുക. ഇതിന് ആവശ്യമായ പുതിയ നിയമങ്ങൾ പുതുതായി സൗദി ചേർത്തിട്ടുണ്ട്. തൊഴിൽ മാറാനുള്ള സന്ദർഭങ്ങൾ എന്തെല്ലാം എന്നതും സൗദി പുറത്തുവിട്ടിട്ടുണ്ട്.
മൂന്ന് മാസം തുടർച്ചയായി ശമ്പളം നൽകാതിക്കുക. അല്ലെങ്കിൽ മാസങ്ങൾ ഇടവിട്ട് ശമ്പളം നൽകുക. ഇങ്ങനെ സംഭവിച്ചാൽ തൊഴിൽ മാറാൻ സാധിക്കും. നാട്ടിൽ നിന്നും സൗദിയിൽ എത്തുമ്പോൾ വിമാനത്താവളങ്ങളിൽ സ്വീകരിക്കാൻ സ്പോൺസർ വരാതിരിക്കുക. സൗദിയിൽ എത്തിയാൽ 15 ദിവസത്തിനുള്ളിൽ താമസ സൗകര്യവും ഇഖാമയും നൽകണം. ഇതിൽ മാറ്റം ഉണ്ടായാലും തൊഴിൽ മാറാൻ തൊഴിലാളിക്ക് സാധിക്കും
ഇഖാമയുടെ കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ പുതുക്കാതിരിക്കുകയാണെങ്കിൽ ജോലി മാറാൻ സാധിക്കും. തൊഴിലാളിയെ മറ്റൊരു വീട്ടിൽ ജോലിക്ക് നിയമിക്കുക. ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള ജോലികൾ ചെയ്യിപ്പിക്കുക. അല്ലെങ്കിൽ കുടംബത്തിലെ അംഗങ്ങൾ മോശമായി പെരുമാറുക. പരാതി തൊഴിലാളിയുടെ ശ്രദ്ധയിൽപെടുത്തിയാൽ പ്രശ്ന പരിഹാരത്തിന് കാലതാമസം എടുക്കുക. തൊഴിലാളിയെ കുറിച്ച് വ്യാജപരാതിയോ തെറ്റായ വിവരമോ അധികൃതർക്ക് നൽകുക.
തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ സ്പേൺസറുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് ജോലി മാറാൻ ഇനി മുതൽ സൗദിയിൽ സാധിക്കും. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ തർക്ക പരിഹാര സമിതികൾക്ക് മുമ്പാകെ ഹാജരാകാൻ രണ്ട് തവണ അറിയിപ്പ് നൽകിയിട്ടും തൊഴിലുടമ അവഗണിക്കുന്നതും വലിയ കുറ്റമാണ്.
സൗദി പുറത്തിറക്കിയ പുതിയ നിയമ പ്രകാരം ഗാർഹിക തൊഴിലാളിക്ക് വലിയ സ്വാതന്ത്ര്യം ഉണ്ടായിരിക്കും. തൊഴിലാളി പരാതി നൽകിയാൽ അധികാരികളെ സ്വാധീനിക്കാൻ സാധിക്കില്ല. തൊഴിലുടമ സ്ഥലത്തില്ലാതിരിക്കുകയാണെങ്കിലും ശമ്പളം കൃത്യമായി നൽകാൻ ശ്രദ്ധിക്കണം. തൊഴിലാളിയുടെ സമ്മതം ഇല്ലാതെ മറ്റൊരു ഉടമക്ക് തൊഴിലാളിയെ കെെമാറാൻ പാടില്ല.
തൊഴിലുടമയുടെ അനുമതിയില്ലാതെ സ്പോൺസർഷിപ്പ് മാറ്റാൻ എല്ലാ സ്വാതന്ത്ര്യവും നൽകും. ഗാർഹിക തൊഴിൽ മേഖലയെ നിയന്ത്രിക്കാനാണ് ഭേദഗതിയിലൂടെ സൗദി മാനവ വിഭവശേഷി മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. മികച്ച ആഗോള വിപണികൾക്ക് അനുസൃതമായി സൗദിയെ മാറ്റാനും അതിന് അനുസരിച്ചുള്ള തീരുമാനങ്ങളും നിയമങ്ങളും ഉണ്ടാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന സൗദി അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല