1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2020

സ്വന്തം ലേഖകൻ: സൌദിയിൽ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെയും ആശ്രിതരുടെയും സ്പോൺസർഷിപ് നടപടിക്രമങ്ങൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലളിതമാക്കി. ഇളം പച്ചവിഭാഗം കമ്പനികളിലേക്കു സ്പോൺസർഷിപ് മാറാം എന്നതാണ് ഇതിൽ പ്രധാനം.

സൌദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം ഇളംപച്ച വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങളിലേക്കു നേരത്തെ സ്‌പോൺസർഷിപ് മാറ്റം അനുവദിച്ചിരുന്നില്ല. താൽക്കാലികമായി നൽകിയ ഈ ഇളവ് ഒക്ടോബർ വരെ തുടരും. നേരത്തെ ഉയർന്ന തോതിൽ സ്വദേശിവൽക്കരണം പാലിച്ച ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം വിഭാഗം സ്ഥാപനങ്ങളിലേക്കു മാത്രമാണ് സ്‌പോൺസർഷിപ് മാറ്റം അനുവദിച്ചിരുന്നത്.

സൌദി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുകയോ നിലനിർത്തുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഇതേസമയം ആശ്രിത വീസയിൽ കഴിയുന്ന വിദേശികളെ ജോലിക്ക് എടുക്കാൻ ആഗ്രഹിക്കുന്നവർ കമ്പനികൾ വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള അബ്ഷിർ പോർട്ടൽ വഴി അപേക്ഷിക്കണമെന്നും നിർദേശിച്ചു.

പ്രവേശനം നിയന്ത്രിച്ച് അബുദാബി

അബുദാബിയിലേക്കുള്ള പ്രവേശനത്തിന് നാളെ മുതൽ കടുത്ത നിയന്ത്രണം. 50 ദിർഹത്തിന്റെ ലേസർ ഡിപിഐ ടെസ്റ്റ് മാത്രം എടുത്ത് അബുദാബിയിലേക്കു പ്രവേശിക്കാനാവില്ല. പുതിയ നിയമം അനുസരിച്ച് 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ലേസർ ഡിപിഐ ടെസ്റ്റിനൊപ്പം 6 ദിവസത്തിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഹാജരാക്കിയാലേ പ്രവേശനം അനുവദിക്കൂ.

എന്നാൽ 6 ദിവസത്തിനുള്ളിൽ വീണ്ടും ഇതേ രീതിയിൽ ടെസ്റ്റ് നടത്തിവന്നാലും പരിഗണിക്കില്ല. കൊവിഡ് വാക്സീൻ പരീക്ഷണത്തിൽ പങ്കാളിയായ വൊളന്റിയർമാർക്ക് ഇളവുണ്ടെന്നും ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇവർക്ക് ക്യൂ നിൽക്കാതെ പ്രവേശനം അനുവദിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.