1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2021

സ്വന്തം ലേഖകൻ: സൗദിയിലെ ജനകീയ ഓൺലൈൻ പേമെന്റ് സംവിധാനമായ എസ്ടിസി പേ ഇനിമുതൽ ഡിജിറ്റൽ ബാങ്കായി പ്രവർത്തിക്കും. ഇതിനുള്ള അംഗീകാരം സൗദി സെൻട്രൽ ബാങ്കും മന്ത്രിസഭയും നൽകി. ഇതോടെ കൂടുതൽ മൂലധനം ഈ മേഖലയിൽ കന്പനി ഇറക്കും. ഇടപാടുകാർക്കും കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാൻ ഇതോടെ കമ്പനിക്കാകും.

സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ജനകീയമായ ഓൺലൈൻ പേമെന്റ് സംവിധാനമാണ് എസ്ടിസി പേ. സൗദിയിലെ വിവിധ ഓൺലൈൻ ഇടപാടിനും പർച്ചേസിനും ഇതായിരുന്നു പ്രധാന ഡിജിറ്റൽ പെമെന്റ് സംവിധാനം. ഇതുവഴിയാണ് ഭൂരിഭാഗം വിദേശികളും നാട്ടിലേക്ക് പണമയക്കുന്നത്. ഞൊടിയിടയിൽ പണമിടപാട് സാധ്യമാക്കിയ എസ്ടിസി പേ ഇനി മുതൽ ഡിജിറ്റൽ ബാങ്കായി പ്രവർത്തിക്കും.

സൗദി സെൻട്രൽ ബാങ്ക് നൽകിയ അനുമതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതോടെ നടപടികൾ പൂർത്തിയായി. ഇനി സൗദിയിലെ ലോക്കൽ ഡിജിറ്റൽ ബാങ്കാണ് എസ്ടിസി ബാങ്ക്. ഇതോടെ കന്പനിയുടെ സേവനങ്ങളും വേഗത്തിലാകും. നേരത്തെ എസ്ടിസിയുടെ 15 ശതമാനം ഓഹരി വെസ്റ്റേൺ യൂണിയൻ സ്വന്തമാക്കിയിരുന്നു. വിദേശ ഇടപാടുകൾ എളുപ്പമാക്കാനായിരുന്നു എസ്ടിസിയുടെ ഈ നടപടി.

നിലവിൽ എസ്ടിസിയുടെ കയ്യിലുള്ളത് 85 ശതമാനം ഓഹരിയാണ്. ഈ ഓഹരി നിലനിർത്താനുള്ള ലക്ഷ്യത്തോടെ 802 ദശലക്ഷം റിയാൽ എസ്ടിസി പേ അവരുടെ ഓഹരി മൂലധനത്തിലേക്ക് ചേർക്കും.വെസ്റ്റേൺ യൂണിയൻ 750 ദശലക്ഷം റിയാലും അവരുടെ മൂലധനത്തിലേക്ക് ചേർക്കും.

എസ്ടിസിപേക്ക് പുറമെ അബ്ദുറഹ്മാൻ ബിൻ സഅദ് അൽ റഷീദ് എന്ന കമ്പനിക്കും ഡിജിറ്റൽ ബാങ്ക് തുടങ്ങാനുള്ള അനുമതി നൽകിയിട്ടുണ്ട്. ആയിരത്തി അഞ്ഞൂറ് കോടി റിയാൽ നിക്ഷേപത്തിലാകും ഈ ഡിജിറ്റൽ ലോക്കൽ ബാങ്ക് തുടങ്ങുക. ഇതിനു പുറമെ 32 ഡിജിറ്റൽ ഇടപാട് സ്ഥാപനങ്ങൾക്കും സൗദി സെൻട്രൽ ബാങ്ക് അനുമതി നൽകിയിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.