
സ്വന്തം ലേഖകൻ: വേനൽ ചൂട് വർദ്ധിച്ചതോടെ 5 ഇനം സാധന സാമഗ്രികൾ കാറുകളിൽ സൂക്ഷിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മിക്ക പ്രദേശങ്ങളിലും വേനൽചൂട് 50 ഡിഗ്രിയോളം ഉയർന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
വെയിലത്ത് നിർത്തിയിട്ടിരിക്കുന്ന കാറുകളിൽ പെർഫ്യൂമുകൾ, ഹാൻഡ് സാനിറ്റൈസർ, ലൈറ്ററുകൾ, പോർട്ടബിൾ ചാർജറുകൾ. ഗ്യാസ് കംപ്രസ് ചെയ്ത കുപ്പികൾ എന്നിവ സൂക്ഷിക്കുന്നത് അപകടരമാണ്. കനത്ത ചൂടിൽ പൊട്ടിത്തെറിക്കുന്നതിനും തീപിടിക്കാനും ഇടയാക്കുമെന്നും ഇത്തരം സാധനങ്ങൾ സൂക്ഷിക്കാൻ പാടില്ലെന്നും സിവിൽഡിഫൻസ് മുന്നറിയിപ്പ് നൽകുന്നു.
സൗദിയുടെ കിഴക്കൻ മേഖലയിലും മധ്യമേഖലയിലും ചൂട് കൂടുമെന്ന് റിപ്പോർട്ട്. നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. കാലാവസ്ഥാ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മദീന, മക്ക, ജിസാൻ മേഖലകൾക്കിടയിൽ ശക്തമായ പൊടിക്കാറ്റ് രൂപപ്പെടും. റോഡിൽ കാഴ്ച പരിധി കുറയും. ജാഗ്രത പാലിക്കണമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചെങ്കടലിൽ പടിഞ്ഞാറ് മുതൽ വടക്ക് പടിഞ്ഞാറ് ദിശയിൽ വടക്ക് മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 20-40 കിലോമീറ്റർ വേഗതയിലും തെക്ക് ഭാഗത്ത് മണിക്കൂറിൽ 25-50 കിലോമീറ്റർ വേഗതയിലുമായി കാറ്റ് വീശി അടിക്കാൻ സാധ്യതയുണ്ട്. വടക്കൻ, മധ്യ ഭാഗങ്ങളിൽ ഒന്ന് മുതൽ രണ്ട് മീറ്റർ വരെയും തെക്ക് ഭാഗത്ത് ഒന്നര മുതൽ രണ്ടര മീറ്റർ വരെയും തിരമാല ഉയരാനും ഇടയാക്കും. കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് എല്ലാവരും പാലിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല