
സ്വന്തം ലേഖകൻ: ‘തവക്കൽനാ’ ആപ്പിനുണ്ടായ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സൗദി അതോറിറ്റി ഫോർ ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (സദായാ) വക്താവ് മാജിദ് അൽ ശഹ്രി പറഞ്ഞു. ‘അൽഅറബിയ’ ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഉടൻ സാങ്കേതിക തകരാർ പരിഹരിക്കാൻ സാധിച്ചേക്കും. സുസ്ഥിര പരിഹാരത്തിനായുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. തകരാറിെൻറ തുടക്കം മുതൽ സാങ്കേതിക വിഭാഗം പ്രശ്നം പരിഹരിക്കാൻ നിരന്തരം പ്രവർത്തിക്കുന്നുണ്ട്. താൽക്കാലിക പരിഹാരമെന്നോണം തവക്കൽനാ, അബ്ഷിർ ഫ്ലാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവരുടെയും ആരോഗ്യനില സംബന്ധിച്ച എസ്.എം.എസ് സന്ദേശം അയക്കാൻ നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന സന്ദേശം ഔദ്യോഗിക രേഖയായിരിക്കും.
വെള്ളിയാഴ്ച മുഴുസമയം ഈ സന്ദേശത്തിന് സാധുത ഉണ്ടായിരിക്കും. ഈ കാലയളവ് അവസാനിക്കുന്നതിനുമുമ്പ് സുസ്ഥിരമായ ഒരു പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രത്യാശിക്കുന്നതെന്നും വക്താവ് അറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന് മുൻകരുതലായി ആരോഗ്യവകുപ്പ് അംഗീകരിച്ച തവക്കൽനാ ആപ്പിന് ബുധനാഴ്ചയാണ് സാങ്കേതിക തകരാർ ആരംഭിച്ചത്.
ഇക്കാര്യം ആപ് അഡ്മിനിസ്ട്രേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തവക്കൽനാ, അബ്ഷിർ ഫ്ലാറ്റുഫോമുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവർക്കും ആരോഗ്യനില സംബന്ധിച്ച എസ്.എം.എസ് സന്ദേശം അയക്കുമെന്ന വിശദീകരണവും അവർ പുറത്തിറക്കിട്ടുണ്ട്. ഈ സന്ദേശം താൽക്കാലിക പരിഹാരവും അംഗീകൃതവുമായിരിക്കുമെന്നും അവർ പറഞ്ഞിട്ടുണ്ട്.
ഉപഭോക്താവിെൻറ ആരോഗ്യസ്ഥിതി പരിശോധിക്കാൻ അധികാരികൾക്ക് അതിലൂടെ സാധിക്കും. ആപ്പുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകൾ അറിയുന്നതിനു എല്ലാവരും സോഷ്യൽ മീഡിയയിലെ തവൽക്കനാ ആപ്ലിക്കേഷെൻറ അക്കൗണ്ടുകൾ പിന്തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യസ്ഥിതി തെളിയിക്കാനുള്ള അംഗീകൃത രീതിയാണ് സന്ദേശം. സന്ദേശത്തിലോ, അതിെൻറ ഉള്ളടക്കത്തിലോ എന്തെങ്കിലും ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഗുണഭോക്താവ് നിയമപരമായ നടപടിക്ക് വിധേയമായിരിക്കുമെന്നും അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ റിയാദിലും ദമ്മാമിലും ഷോപ്പിങ് മാളുകളിലും മറ്റും പ്രവേശിക്കുന്നതിന് തവക്കൽനാ ആപ് നിർബന്ധമാക്കിയിരുന്നു. ജിദ്ദയിലും സൗദിയിലെ മറ്റു പ്രദേശങ്ങളിലും നിയമം ഔദ്യോഗികമായി നിലവിൽവന്നിട്ടില്ലെങ്കിലും ചില ഷോപ്പിങ് മാൾ അധികൃതർ തങ്ങളുടെ ഉപഭോക്താക്കളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതിന് തവക്കൽനാ ആപ് നിർബന്ധമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല