
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പത്തിലൊന്ന് ജോലിയും അടുത്ത വർഷം അവസാനത്തോടെ ടൂറിസം മേഖലയിൽ ആയിരിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് പറഞ്ഞു. വിനോദ സഞ്ചാര മേഖലയിൽ പൗരന്മാരെ പരിശീലിപ്പിക്കാൻ ഏകദേശം 500 ദശലക്ഷം റിയാൽ നീക്കിവെച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഈ രംഗത്തേക്ക് യുവതി യുവാക്കളെ ആകർഷിക്കാൻ പദ്ധതികൾ തയാറാക്കിക്കഴിഞ്ഞു. വിവിധ പ്രദേശങ്ങളിലെ ഒമ്പത് വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും 42 ടൂറിസ്റ്റ് സൈറ്റുകളുടെയും മികവ് കൂട്ടാൻ സർക്കാർ സർക്കാർ പദ്ധതി തയാറാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബജറ്റ് അവതരണത്തിന് ശേഷമുള്ള ഫോറത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ടൂറിസം വികസന നിധിയുടെ പങ്ക് നിസ്തുലമാണ്. വിനോദ സഞ്ചാര മേഖലയിൽ നിക്ഷേപം നടത്താൻ സ്വകാര്യ മേഖലയ്ക്ക് വളരെ കുറഞ്ഞ നിരക്കിൽ ദീർഘകാല വായ്പകൾ നൽകുക എന്നതാണ് ടൂറിസം വികസന നിധി സ്ഥാപിച്ചതിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
2021ൽ മാത്രം 29 പ്രോജക്റ്റുകൾക്ക് 8 ബില്യൺ റിയാൽ മുതൽ മുടക്കിൽ ഫണ്ട് ധനസഹായം നൽകി. ഈ നിക്ഷേപം മൂലം സൗദിയിലെ പുരുഷ- സ്ത്രീകൾക്കിടയിൽ 17,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായതായും അദ്ദേഹം പറഞ്ഞു. അഭ്യന്തര ടൂറിസത്തിൽ ഏറ്റവും ശക്തമായ 10 രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യയെന്നും അൽ ഖത്തീബ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല