
സ്വന്തം ലേഖകൻ: ട്രക്കുകൾക്കുള്ള പിഴ തുക വർധിപ്പിച്ച് സൗദി. സൗദിയിൽ പരമാവധി ഭാരവും വലിപ്പവും പാലിക്കാത്ത ട്രക്കുകൾക്ക് എതിരെയാണ് നടപടി സ്വീകരിക്കുന്നത്. രാജ്യത്ത് ഈ മേഖലയിൽ നിയമ ലംഘനങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. എത്ര ഭാരം കൊണ്ടുപോകണം എന്ന കാര്യത്തിൽ സൗദിയിലെ ട്രക്കുകൾക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് പാലിക്കാത്തവർക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. സൗദി ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫികിൻറേതാണ് നടപടി.
നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ പിഴയാണ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. റോഡിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് സൗദി ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് ട്രക്കുകൾക്കുള്ള പിഴ വർധിപ്പിച്ച് ഉത്തരവ് ഇറക്കിയത്. രാജ്യത്ത് ട്രക്കുകൾക്കനുവദിച്ചിട്ടുള്ള പരമാവധി ഭാരവും വലിപ്പവും പാലിക്കാത്ത ട്രക്കുകൾക്ക് പിഴ ചുമത്തും. രണ്ട് ടൺ വരെ ഭാരപരിധി ഒരു ട്രക്കിൽ ഉൾക്കൊള്ളും. അനുവദിച്ചിട്ടുള്ള ഭാരത്തേക്കാൾ കൂടുതൽ ഭാരം കയറ്റിയാൽ ഓരോ നൂറു കിലോയ്ക്കും 200 റിയാൽ വീതം പിഴ അടക്കേണ്ടി വരും.
രണ്ട് മുതൽ അഞ്ച് ടൺ വരെയുള്ള വാഹനങ്ങൾക്ക് 300 റിയാൽ ആയിരിക്കും പിഴ ഈടാക്കുക. അഞ്ച് മുതൽ ഏഴ് ടൺ വരെയുള്ള വാഹനങ്ങൾക്ക് 400 റിയാൽ ആയിരിക്കും പിഴ. ഏഴ് മുതൽ പത്ത് ടൺ വരെ അനുമതിയുള്ള വാഹനങ്ങൾക്ക് അഞ്ഞൂറും പത്ത് ടണിന് മുകളിലുള്ള വാഹനങ്ങൾക്ക് 800 റിയാലും പിഴ ഈടാക്കും. അനുവദിക്കപ്പെട്ടതിലും 200 കിലോയിലധികം ഭാരക്കൂടുതലുള്ള ട്രക്കുകൾക്ക് 2000 റിയാൽ ആയിരിക്കും പിഴ ഈടാക്കുന്നത്. ട്രക്കുകളുടെ വലിപ്പ വ്യത്യാസത്തിന് അനുസരിച്ച് പിഴ കൂടും. നിയമ ലംഘനം ആവർത്തിക്കുന്ന വാഹനങ്ങൾക്ക് 5,000 മുതൽ ഒരു ലക്ഷം വരെ റിയാലും പിഴ ഈടാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല