
സ്വന്തം ലേഖകൻ: ഒക്ടോബർ 4 മുതൽ 3 ഘട്ടങ്ങളിലായി പുനരാരംഭിക്കുന്ന ഉംറ നിർവഹിക്കുന്നതിന് ഹജ് സമയത്തെ അതേ ജാഗ്രത കൈക്കൊള്ളുമെന്നും ‘ഇഅ്തമര്‍നാ’ ആപ്ലിക്കേഷൻ വഴി ഉംറ പെർമിറ്റ് ലഭ്യമാക്കുന്നതിന് ഫീസ് ഈടാക്കില്ലെന്നും ഹജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബൻദൻ പറഞ്ഞു.
“ആരോഗ്യ സംരക്ഷണവും സുരക്ഷയും പാലിച്ച് കർമങ്ങൾ നിർവഹിക്കുകയും തിരക്ക് കുറക്കുകയുമാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യം. ഉംറ ആപ്പ് വഴി പെർമിറ്റ് ലഭിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കൽനാ ആപ്പിൽ റജിസ്റ്റർ ചെയ്തതിരിക്കണം. കർമങ്ങൾ നിർവഹിക്കാനുള്ള ആരോഗ്യ നിലയും ഉറപ്പ് വരുത്തണം,” അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടത്തിൽ പ്രതിദിനം 6,000 തീർഥാടകരെ അനുവദിക്കുമെന്നും 24 മണിക്കൂറിനുള്ളിൽ 12 ഗ്രൂപ്പുകളായി വിഭജിച്ചായിരിക്കും സൗകര്യമൊരുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സംഘത്തിനും ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കും. വ്യക്തി അകലം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനും കൂടുതൽ കരുതൽ കൈവരിക്കുന്നതിനുമാണിതെന്ന് അദ്ദേഹം പറഞ്ഞു.
18 വയസിനും 65 വയസിനും ഇടയിലുള്ളവർക്കായിരിക്കും അനുമതി. എന്നാൽ രക്ഷിതാക്കളോടൊപ്പം തവക്കൽനാ ആപ്പിൽ ചേർത്ത കുടികളെ അവരുടെ കൂടെ പോകാൻ അനുവദിക്കും. ആശ്രിതരുടെ കാര്യത്തിലും ഇത് ബാധകമാണ്. തവാഫും സഅ് യും നിർവഹിക്കുന്നതിന് ആവശ്യക്കാർക്ക് വീൽചെയറുകൾ ലഭ്യമാക്കും. ത്വവാഫിന്റെ (കഅ്ബയെ പ്രദിക്ഷണം ചെയ്യൽ)ഒഴുക്ക് ഒരേ വേഗത്തിലും പ്രവാഹത്തിലും ക്രമീകരിക്കും.
ഹോട്ടലുകളിലും വസതികളിലും താമസിക്കുന്ന ഉംറ ബുക്ക് ചെയ്ത തീർഥാടകരും മക്കയ്ക്ക് പുറത്ത് നിന്ന് വരുന്നവരും ഹറം പള്ളിയിലേക്ക് പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് ചെക്ക് പോയിന്റുകളിൽ റിപ്പോർട്ട് ചെയ്യണം. ഓരോ സംഘത്തോടൊപ്പവും മാർഗനിർദേശകരും ആരോഗ്യ പ്രവർത്തകരും അനുഗമിക്കും. പ്രദേശത്ത് താമസിക്കുന്നവർക്കൊഴികെ ഹറം പള്ളിക്ക് ചുറ്റുമുള്ള സെൻട്രൽ സോണിലെ കാർ പാർക്കിങുകൾ ഉപയോഗിക്കാൻ അനുവദിക്കില്ല. സ്വന്തം വാഹനത്തിൽ എത്തുന്നവർക്കും, എന്നാൽ ഹോട്ടൽ ബുക്കിങ് ഇല്ലാത്തതുമായ തീർഥാടകർക്ക് അനുവദിക്കപ്പെട്ട സമയ പരിധിയിൽ ചെക്ക് പോയിന്റ് സന്ദർശിച്ച് നിയുക്ത സംഘത്തിനൊപ്പം അനുഗമിക്കാനും ബസ് സർവീസുകൾ ഉപയോഗപ്പെടുത്താനും കഴിയും.
വിദേശത്ത് നിന്ന് എത്തുന്ന തീർഥാടകർക്ക് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി പ്രകാരം മാത്രമായിരിക്കും പ്രവേശനം. വിദേശികൾക്കും സൗദി അറേബ്യയിലെ താമസക്കാർക്ക് ലഭിക്കുന്ന അതേ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. അവരും ആപ്ലിക്കേഷൻ വഴി സമയ സ്ലോട്ട് ബുക്ക് ചെയ്യണം. രാജ്യത്ത് പ്രവേശിച്ചത് മുതൽ തിരിച്ച് പുറപ്പെടൽ വരെ മന്ത്രാലയത്തിന്റെ നിരീക്ഷണവും സഹായവും ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല