1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2023

സ്വന്തം ലേഖകൻ: അവിവാഹിതരായ സൗദി പൗരന്‍മാര്‍ക്ക് ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് 24 വയസ് നിര്‍ബന്ധം. സൗദി പുരുഷനോ സ്ത്രീക്കോ ഗാര്‍ഹിക തൊഴിലാളി വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 24 വയസ്സാണെന്ന് റിക്രൂട്ട്മെന്റ് ചട്ടങ്ങള്‍ അനുശാസിക്കുന്നതായി ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയം (എംഎച്ച്ആര്‍എസ്ഡി) അറിയിച്ചു.

ഗാര്‍ഹിക തൊഴിലാളി വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മന്ത്രാലയത്തിനു കീഴിലുള്ള മുസാനിദ് പ്ലാറ്റ്ഫോം ആണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ https://musaned.com.sa/terms/faq_reg എന്ന ലിങ്ക് വഴി വിസ നേടാനുള്ള യോഗ്യത പരിശോധിക്കണം. റിക്രൂട്ട്മെന്റ് ചട്ടങ്ങള്‍ക്ക് അനുസൃതമായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മാത്രമാണ് പരിഗണിക്കുകയെന്നും മുസാനിദ് പ്ലാറ്റ്ഫോം ഓര്‍മിപ്പിച്ചു.

അപേക്ഷകന്റെ സാമ്പത്തിക ശേഷിക്കനുസരിച്ച് മാത്രമാണ് ഗാര്‍ഹിക തൊഴിലാളി വിസ അനുവദിക്കുക. ജോലിക്കാരെ നിയമിക്കാനുള്ള സാമ്പത്തിക ശേഷി തെളിയിക്കണം. സൗദി പൗരന്‍മാര്‍, ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍, സൗദി പൗരന്റെ വിദേശി ഭാര്യ, സൗദി പൗരന്റെ വിദേശി മാതാവ്, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഗോത്രവിഭാഗക്കാര്‍, പ്രീമിയം ഇഖാമയുള്ള വിദേശികള്‍ എന്നിവര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാം.

ഒരു വിസ അനുവദിക്കാന്‍ വരുമാനം തെളിയിക്കുന്നതിനൊപ്പം 40,000 റിയാല്‍ ബാങ്ക് ബാലന്‍സ് രേഖകള്‍ ഹാജരാക്കണം. വിസ ഇഷ്യൂ ചെയ്യുമ്പോള്‍ ശമ്പളം വ്യക്തമാക്കിയാല്‍ മതിയാകും. രണ്ടാമത്തെ വിസ ലഭിക്കാന്‍ ഏറ്റവും കുറഞ്ഞ ശമ്പളം 7000 റിയാലാണ്. കൂടാതെ ബാങ്ക് ബാലന്‍സ് 60,000 റിയാല്‍ വേണം. മൂന്നാമത്തെ വിസ നല്‍കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ശമ്പളം 25,000 റിയാല്‍ ആണ്. ബാങ്ക് അക്കൗണ്ടില്‍ 200,000 റിയാല്‍ ഉണ്ടായിരിക്കുകയും വേണം.

രാജ്യത്തെ റിക്രൂട്ട്മെന്റ് മേഖല കാര്യക്ഷമാക്കുന്നതിന്റെ ഭാഗമായാണ് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയം മുസാനിദ് പ്ലാറ്റ്‌ഫോം ആരംഭിച്ചത്. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സംബന്ധമായ മുഴുവന്‍ കാര്യങ്ങള്‍ക്കും മാത്രമുള്ള സംവിധാനമാണിത്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കടമകളും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. തൊഴില്‍ കരാറുകള്‍ സമര്‍പ്പിക്കുന്നതിനും തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള സേവനങ്ങളും മുസാനിദിലുണ്ട്.

21 വയസ്സില്‍ കുറഞ്ഞ വീട്ടുജോലിക്കാരെ നിയമിക്കുന്നതിനും നിരോധനമുണ്ട്. നിയമംലംഘിച്ചാല്‍ 20,000 റിയാല്‍ പിഴ ചുമത്തും. ഇതു സംബന്ധിച്ച പരിഷ്‌കരിച്ച നിയമാവലി ഔദ്യോഗിക ഗസറ്റില്‍ അടുത്തിടെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഒരു ദിവസം 10 മണിക്കൂറില്‍ കൂടുതല്‍ ജോലിയെടുപ്പിക്കരുത്. തുടര്‍ച്ചയായി ജോലി ചെയ്യിക്കാവുന്ന പരമാവധി സമയം അഞ്ച് മണിക്കൂറാണ്. വിശ്രമ സമയം വേര്‍തിരിച്ച് നിശ്ചയിക്കുകയും വേണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.