
സ്വന്തം ലേഖകൻ: രണ്ട് ഡോസ് വാക്സിനും ഒരേ കമ്പനിയുടേതായിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ്. രാജ്യത്ത് നിലവിൽ നാല് നിർമാതാക്കളുടെ വാക്സീനുകളാണ് അംഗീകരിച്ചിട്ടുള്ളത്. ഇവയിൽ ആദ്യ ഡോസ് സ്വീകരിക്കുന്ന അതേ കമ്പനിയുടേതായിരിക്കണം രണ്ടാം ഡോസും എടുക്കേണ്ടതെന്ന് മന്ത്രാലയം വിശദീകരിച്ചു.
രണ്ടാമത്തെ ഡോസ് മറ്റൊരു നിർമാതാവിന്റേത് സ്വീകരിക്കാൻ ഇപ്പോൾ ശുപാർശ ചെയ്യുന്നില്ലെന്നും അധികൃതർ പറഞ്ഞു. അസ്ട്രാസെനിക്ക, ഫൈസർ-ബയോൻടെക്, ജോൺസൺ & ജോൺസൺ, മോഡേണ എന്നിവയാണ് സൗദിയിൽ അംഗീകരിച്ച വാക്സീനുകൾ. ഇവയിൽ ആദ്യ രണ്ട് വാക്സീനുകൾ രാജ്യത്തെ പ്രതിരോധ കുത്തിവെയ്പ് കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്നു.
മറ്റു രണ്ട് വാക്സീനുകൾക്ക് രാജ്യത്ത് അംഗീകാരമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. മറ്റേതെങ്കിലും പുതിയ വാക്സീനുകൾക്ക് അംഗീകാരം നൽകുന്ന പക്ഷം ഔദ്യോഗിക വൃത്തങ്ങളിലൂടെ അറിയിക്കും. അതേസമയം, കൂടുതൽ പേരിലേക്ക് സമയബന്ധിതമായി കുത്തിവെയ്പ് എത്തുന്നതിന് വാക്സീൻ കേന്ദ്രങ്ങൾ ഇനിയും വ്യാപിപ്പിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യ സംരക്ഷണത്തിനാണ് മുഖ്യ പരിഗണന.
2020 ഡിസംബർ 17 നാണ് സൗദിയിൽ ആദ്യ വാക്സീൻ കേന്ദ്രം തുറന്നത്. രണ്ടാം ഘട്ടം എന്ന നിലയിൽ ഫെബ്രുവരി 18 ന് ഇത് വ്യാപകമാക്കി. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും വാക്സീൻ കേന്ദ്രങ്ങൾ ലഭ്യമാണ്. സിഹ്ഹത്തീ, തവക്കൽനാ ആപ്പുകൾ വഴി അപ്പോയ്മെന്റ് നേടിയാണ് വാക്സീൻ സ്വീകരിക്കണ്ടത്. ഫൈസർ വാക്സീൻ രണ്ടാം ഡോസും നൽകിത്തുടങ്ങി. നിലവിലെ അംഗീകൃത വാക്സീനുകൾ ഒരു ഡോസ് മാത്രം മതിയാകില്ലെന്നും രണ്ട് ഡോസും സ്വീകരിച്ചിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല