1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2023

സ്വന്തം ലേഖകൻ: വാഹന ഇന്‍ഷുറന്‍സ് പോളിസിയില്‍ കാതലായ ഭേദഗതികള്‍ വരുത്തി സൗദി അറേബ്യ. വാഹനങ്ങള്‍ക്കുള്ള ഏകീകൃത നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പോളിസി (തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്) പരിരക്ഷയില്‍ വാഹനങ്ങള്‍ റിപ്പയര്‍ ചെയ്ത് നല്‍കുന്ന ഓപ്ഷനും ഉള്‍പ്പെടുത്തിയാണ് സെന്‍ട്രല്‍ ബാങ്ക് ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്. ഇന്‍ഷൂറന്‍സ് മേഖല വികസിപ്പിക്കാനും ഗുണഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സഹകരണ ഇന്‍ഷുറന്‍സ് കമ്പനി നിയന്ത്രണ നിയമ പ്രകാരം നല്‍കപ്പെട്ടിട്ടുള്ള അധികാരങ്ങള്‍ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഏകീകൃത ഇന്‍ഷുറന്‍സ് പോളിസിയിലെ ഏതാനും വകുപ്പുകളില്‍ കേന്ദ്ര ബാങ്ക് ഭേദഗതികള്‍ വരുത്തിയത്.

വാഹനാപകടങ്ങളില്‍ സംഭവിക്കുന്ന കേടുപാടുകള്‍ക്ക് പണമായി നഷ്ടപരിഹാരം നല്‍കുന്ന നിലവിലെ രീതിക്കു പകരം വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യാനുള്ള സംവിധാനവും ഭേദഗതിയിലൂടെ പോളിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏത് വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം കേടുപാടുകള്‍ സംഭവിച്ച് വാഹന ഉടമകള്‍ക്കാണ്. വാഹനാപകട നഷ്ടപരിഹാര ക്ലെയിമുകള്‍ തീര്‍പ്പാക്കാനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാനും വികസിപ്പിക്കാനും ഗുണഭോക്താക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള സൗദി സെന്‍ട്രല്‍ ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഏകീകൃത നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പോളിസിയില്‍ ഭേദഗതികള്‍ വരുത്തിയിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

തേഡ് പാര്‍ട്ടിയുടെ വാഹനം റിപ്പയര്‍ ചെയ്ത് നല്‍കാനുള്ള ഓപ്ഷന്‍ വാഗ്ദാനം ചെയ്തോ നഷ്ടപരിഹാര തുക തേഡ് പാര്‍ട്ടിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തോ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം തീര്‍പ്പാക്കണമെന്ന് ഇന്‍ഷൂറന്‍സ് പോളിസിയിലെ ഏഴാം വകുപ്പില്‍ വരുത്തിയ ഭേദഗതി അനുശാസിക്കുന്നു. വാഹനം റിപ്പയര്‍ ചെയ്യുന്ന ഓപ്ഷന്‍ പ്രകാരമാണ് ക്ലെയിം തീര്‍പ്പാക്കുന്നതെങ്കില്‍ വ്യക്തികളുടെ വാഹനങ്ങള്‍ പരമാവധി 15 പ്രവൃത്തി ദിവസത്തിനകവും കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ പരമാവധി 45 ദിവസത്തിനകവും റിപ്പയര്‍ ചെയ്ത് നല്‍കണമെന്നും ഭേദഗതി അനുശാസിക്കുന്നു. പുതുക്കിയ ഏകീകൃത നിര്‍ബന്ധിത മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസി https://www.sama.gov.sa/en-US/RulesInstructions/Pages/InsuranceRulesAndRegulation.aspx എന്ന ലിങ്കില്‍ ലഭ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.