1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2022

സ്വന്തം ലേഖകൻ: വീസ ലഭിക്കാൻ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) സമർപ്പിക്കണമെന്ന നിബന്ധനയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിവാക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. ഇന്ത്യൻ പൗരന്മാർക്ക് സൗദി അറേബ്യയിലേക്ക് തൊഴിൽ വീസ ലഭിക്കുന്നതിന് ഇനി മുതൽ പിസിസി നിർബന്ധമില്ലെന്ന് ന്യൂഡൽഹിയിലെ സൗദി എംബസിയാണ് വാർത്താക്കുറിപ്പിൽ അറിയിച്ചത്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ തീരുമാനമാണിത്.

സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്താണിതെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഈ തീരുമാനം സഹായകമാവുമെന്നും എംബസിയുടെ പ്രസ്താവനയിൽ പറയുന്നു. സൗദിയിൽ സമാധാനപരമായി ജീവിക്കുന്ന രണ്ട് ദശലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായും ഇന്ത്യൻ പ്രവാസികൾക്ക് ഏറെ ഗുണകരമായ തീരുമാനമാണ് ഇതെന്നും എംബസി അറിയിച്ചു. നിലവിൽ റെസിഡൻസ് വീസ, തൊഴിൽ വീസ തുടങ്ങിയവയ്ക്കാണ് പോലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളത്.

സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ. രാജ്യത്തെ വിദേശി ജനസംഖ്യയിൽ നാലിലൊന്നും ഇന്ത്യക്കാരാണെന്നാണ് കണക്കുകൾ. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികം ഇരു രാജ്യങ്ങളും ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒഴിവാക്കി നൽകാനുള്ള സൗദിയുടെ തീരുമാനം. കോവിഡ് കാലത്ത് സൗദിയിൽ നിന്ന് ഒട്ടേറെ ഇന്ത്യക്കാർ നാട്ടിലേക്ക് തിരിച്ചിരുന്നുവെങ്കിലും അടുത്ത കാലത്തായി സൗദിയിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം വലിയ തോതിൽ വർധിച്ചതായാണ് കണക്കുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.