
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നു സൗദി അറേബ്യയിലേയ്ക്കുള്ള തൊഴിൽ വീസകൾ ഒഴികെ ടൂറിസ്റ്റ് വീസ, റസിഡൻസ് വീസ, പേഴ്‌സണൽ വിസിറ്റ് വീസ, സ്റ്റുഡന്റ്‌സ് വീസ തുടങ്ങിയ എല്ലാത്തരം വീസകളും സ്റ്റാംപ് ചെയ്യുന്നത് ഇനി മുതൽ വിഎഫ്എസ് (വീസ ഫെസിലിറ്റേഷൻ സെന്റർ) വഴിയായിരിക്കും.
ഇത്തരത്തിലുള്ള എല്ലാ വീസകളും വിഎഫ്എസ് കേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും കോൺസുലേറ്റ് സ്വീകരിക്കുക. ഏപ്രിൽ 4 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. കോൺസുലേറ്റിൽ നിന്ന് ട്രാവൽ ഏജന്റുമാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നിലവിൽ ട്രാവൽ ഏജൻസികളുടെ കൈവശമുള്ള പാസ്‌പോർട്ടുകൾ സ്റ്റാംപ് ചെയ്യുന്നതിന് വേണ്ടി ഏപ്രിൽ 19ന് മുൻപ് സമർപ്പിക്കാനും നിർദ്ദേശിച്ചു.
അതേസമയം, യുഎഇ അടക്കമുള്ള രാജ്യങ്ങളിലേയ്ക്കുള്ള വീസ സ്റ്റാംപിങ്ങ് വിഎഫ്എസ് വഴിയാണ് ചെയ്യുന്നത്. ഇതേ രീതിയാണ് സൗദിയിലേയ്ക്കും നടപ്പിലാക്കുന്നത്. നേരത്തെ ഒരു ട്രാവൽ ഏജൻസിക്ക് ഒരേ സമയം 75 പാസ്‌പോർട്ടുകൾ സ്റ്റാംപിങ്ങിനായി സമർപ്പിക്കാനുണ്ടായിരുന്ന അവസരം ഈയിടെ 45 പാസ്‌പോർട്ട് ആയി ചുരുക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല