1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2021

സ്വന്തം ലേഖകൻ: ജ്യത്തെ സാമ്പത്തിക മേഖലയുടെ എണ്ണയിന്‍ മേലുള്ള അമിത ആശ്രയത്വം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതികള്‍ വിജയം കാണുന്നതായി വിലയിരുത്തല്‍. രാജ്യത്തെ എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ വര്‍ധനവാണ് അടുത്ത കാലത്തായി ഉണ്ടായിട്ടുള്ളതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി.

2021 സപ്തംബറില്‍ രാജ്യത്തെ എണ്ണയിതര കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 38.2 ശതമാനം കണ്ട് വര്‍ധിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടി. 2020 സപ്തംബറില്‍ എണ്ണയിതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ നിന്ന് 18.3 ബില്യന്‍ സൗദി റിയാലായിരുന്നു രാജ്യത്തിന്റെ വരുമാനം. എന്നാല്‍ ഈ വര്‍ഷം സപ്തംബര്‍ ആകുമ്പോഴേക്ക് അത് 25.3 ബില്യന്‍ റിയാലായി വര്‍ധിച്ചു. പ്ലാസ്റ്റിക്, റബ്ബര്‍ എന്നിവയും അനുബന്ധ ഉല്‍പ്പന്നങ്ങളുമാണ് കയറ്റുമതി വരുമാനത്തില്‍ വലിയ നേട്ടമുണ്ടാക്കിക്കൊടുത്തത്.

എണ്ണയിതര കയറ്റുമതിയുടെ 31.4 ശതാനവും ഈ ഉല്‍പ്പന്നങ്ങളായിരുന്നു. ഇവയുടെ കയറ്റുമതിയില്‍ 2.4 ബില്യന്‍ റിയാലിന്റെ വര്‍ധനവാണുണ്ടായത്. കെമിക്കല്‍ ഉല്‍പ്പന്നങ്ങളാണ് കൂടുതല്‍ കയറ്റുമതി ചെയ്ത എണ്ണയിതര ഉല്‍പ്പന്നങ്ങളില്‍ രണ്ടാം സ്ഥാനത്ത്. 2021 ആഗസ്ത് മാസത്തെക്കാള്‍ സെപ്തംബറില്‍ ഇക്കാര്യത്തില്‍ 10 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കി.

അതേസമയം, കോവിഡ് കാലമാണെങ്കില്‍ രാജ്യത്തിന്റെ എണ്ണ ഉള്‍പ്പെടെയുള്ള കയറ്റുമതിയില്‍ വലിയ വര്‍ധനവ് രാജ്യത്തുണ്ടായതായി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. 2020 സപ്തംബറിനെ അപേക്ഷിച്ച് ഈ വര്‍ഷം 77.4 ശതമാനത്തിന്റെ വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. മിക്ക രാജ്യങ്ങളിലും കോവിഡ് പ്രതിസന്ധി കാരണം കയറ്റുമതി വരുമാനത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയപ്പോഴാണ് സൗദി ഈ നേട്ടം ആര്‍ജ്ജിച്ചത്. ഈ വര്‍ഷം സപ്തംബറില്‍ മൊത്തം കയറ്റുമതി വരുമാനം 94.7 ബില്യണ്‍ റിയാലാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53.4 ബില്യണ്‍ റിയാല്‍ അധികമാണിത്.

അതേസമയം, കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തു നിന്നുള്ള എണ്ണ കയറ്റുമതിയിലും വലിയ വര്‍ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കി. ഈ കാലയളവിലെ വരുമാന വര്‍ധനവിന്റെ പ്രധാന കാരണവും എണ്ണ കയറ്റുമതിയിലുണ്ടായ വര്‍ധനവ് തന്നെയാണ്. 97.8 ശതാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്. ഇതുവഴി 34.3 ബില്യണ്‍ റിയാല്‍ അധിക വരുമാനം ഉണ്ടാക്കാന്‍ സൗദിക്ക് സാധിച്ചു. മൊത്തം കയറ്റുമതിയുടെ 73.3 ശതാനം ഇപ്പോഴും എണ്ണ തന്നെ. കഴിഞ്ഞ സപ്തംബറില്‍ ഇത് 65.7 ശതമാനമായിരുന്നു.

സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈനയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ കയറ്റുമതിയുടെ 16 ശതമാനവും ചൈനയിലേക്കാണ്. 15.9 ബില്യന്‍ റിയാലിന്റെ ഉല്‍പ്പന്നങ്ങളാണ് ചൈനയിലേക്ക് കയറ്റി അയക്കുന്നത്. ചൈന കഴിഞ്ഞാല്‍ ഇന്ത്യയും ജപ്പാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മൊത്തം കയറ്റുമതിയുടെ 10.3 ശതമാനമാണ് ഇന്ത്യയുടെ പങ്ക്. 9.8 ബില്യന്‍ റിയാലിന്റെ ഉല്‍പ്പന്നങ്ങളാണ് സൗദിയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ജപ്പാന്‍ ആവട്ടെ 9.7 ബില്യന്‍ റിയാലിന്റെ ഉല്‍പ്പന്നങ്ങളും (10.2 ശതമാനം). ദക്ഷിണ കൊറിയ, അമേരിക്ക, യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍, കെനിയ, തായ്‌വാന്‍ എന്നിവയാണ് ആദ്യ പത്തില്‍ വരുന്ന മറ്റ് രാജ്യങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.