
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ച സൌദി സമഗ്ര വികസന പദ്ധതിയായ ‘വിഷൻ 2030’െൻറ പ്രവൃത്തികൾ പുനരാരംഭിച്ചതായി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ അറിയിച്ചു. ഞായറാഴ്ച റിയാദിൽ നടന്ന അഞ്ചാമത് സാമ്പത്തിക സ്ഥിരത സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബർ മാസത്തോടെ അനുവദിച്ച ബജറ്റിെൻറ 93 ശതമാനത്തിലധികം ചെലവഴിച്ചു കഴിഞ്ഞ നിരവധി വിഷൻ പ്രോജക്റ്റുകളുണ്ട്. സൌദി സെൻട്രൽ ബാങ്കും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സും പുറത്തുവിട്ട പ്രതിമാസ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് രാജ്യം കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിെൻറ സൂചനകൾ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പോലൊരു മഹാമാരിക്ക് നേരത്തേ ലോകം സാക്ഷ്യം വഹിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ അതുമൂലമുണ്ടാവുന്ന പ്രതിസന്ധിയും അനേകമാണ്. എന്നാൽ, സൌദി അറേബ്യ അത്തരം പ്രതിസന്ധികൾ തരണം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ജനങ്ങളുടെ ആരോഗ്യത്തിന് മറ്റെന്തിനെക്കാളും മുൻഗണന നൽകുകയും ചെയ്തു. പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് രാജ്യത്തെ കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയും സൌദി സെൻട്രൽ ബാങ്കും മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ 3.4 ശതമാനം വരുന്ന സാമ്പത്തിക സഹായ പാക്കേജുകൾ വിതരണം ചെയ്തു.
ലോകത്തിലെ മറ്റു പല രാജ്യങ്ങളെക്കാളും കോവിഡ് മഹാമാരിയോട് സൌദി അറേബ്യ ധൈര്യത്തോടും വേഗത്തോടും കൂടിയാണ് പ്രതികരിച്ചത്. അതുകൊണ്ടുതന്നെ രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് നല്ല ഫലങ്ങൾ ലഭിച്ചു.ഭാവിയിൽ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ സ്വകാര്യമേഖലയെ ശാക്തീകരിക്കുക എന്നതാണ് ലക്ഷ്യം.ഇക്കാര്യത്തിൽ ആവശ്യമായ നിയമനിർമാണങ്ങൾ സർക്കാർ നടപ്പാക്കുമെന്നും മുഹമ്മദ് അൽ ജദാൻ പറഞ്ഞു.
സൌദി പൗരന്മാർക്ക് തൊഴിൽ പരിശീലനം നൽകുന്ന പരിപാടിയായ ‘തംഹീറി’ലേക്ക് മൂന്നു തൊഴിലുകളെക്കൂടി ഉൾപ്പെടുത്തിയതായി മാനവ വിഭവശേഷി ഫണ്ട് (ഹദഫ്) അധികൃതർ അറിയിച്ചു.കൂടുതൽ സ്വദേശികൾക്ക് തൊഴിൽ അവസരമൊരുക്കാനും ആ തൊഴിലുകളിൽ അവർക്ക് പരിശീലനം നൽകാനും വേണ്ടി മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ച പദ്ധതിയുടെ ഭാഗമാണിത്.
അക്കൗണ്ടിങ് ആൻഡ് ചാർേട്ടഡ് അക്കൗണ്ടിങ്, ലോ ആൻഡ് ലീഗൽ കൺസൽട്ടൻറ്, ലേഡീസ് ബ്യൂട്ടീപാർലർ എന്നീ മേഖലകളിലെ ജോലികളാണ് ഇൗ പദ്ധതിയിൽ പുതുതായി ഉൾപ്പെടുത്തിയത്. സ്വദേശിവത്കരണത്തെ ത്വരിതപ്പെടുത്താനും അതിന് ആവശ്യമായ സൗകര്യങ്ങളൊരുക്കാനും സംവരണം ചെയ്യുന്ന തസ്തികകളിൽ ജോലി ചെയ്യാൻ സ്വദേശികളുടെ കഴിവുകൾ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിശീലന പരിപാടി.
ഈ മൂന്ന് തൊഴിൽ മേഖലയിലും അവസരം തേടുന്ന ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദമുള്ളവർ എന്നിവർ ഇൗ പരിശീലന പരിപാടിയുടെ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുമെന്നും ‘ഹദഫ്’ വ്യക്തമാക്കി. പരിശീലന ദൈർഘ്യം മൂന്നു മുതൽ ആറു വരെ മാസമാണ്.ഇൗ സമയത്ത് സർക്കാർ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ, സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശീലനം നടത്തും. ഇതിലൂടെ തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കാനും ആവശ്യമായ വൈദഗ്ധ്യവും നൈപുണ്യവും നേടാൻ സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല