1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2021

സ്വന്തം ലേഖകൻ: മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമം കൂടുതല്‍ കര്‍ക്കശമാക്കി സൗദി ഭരണകൂടം. മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കും നിയമ ലംഘനങ്ങള്‍ക്കും വന്‍തുക പിഴയും തടവും ലഭിക്കുന്ന രീതിയില്‍ ഇതുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന് അംഗീകാരം നല്‍കിയിരിക്കുകയാണ് അധികൃതര്‍. പൊതുജനാരോഗ്യത്തെയും പരിസ്ഥിതിയെയും അപകടപ്പെടുത്തുന്ന രീതിയില്‍ മാലിന്യം കൈകാര്യം ചെയ്യുന്നവര്‍ക്ക് മൂന്ന് കോടി റിയാല്‍ പിഴയും 10 വര്‍ഷം തടവും ശിക്ഷയായി ലഭിക്കുമെന്ന് പുതിയ നിയമം അനുശാസിക്കുന്നു.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് പുതിയ മാലിന്യം സംസ്‌കരണ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. സൗദിയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും താമസ കേന്ദ്രങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉത്തരവ് ബാധകമാണ്. നിയമ ലംഘനം തുടരുന്ന ഓരോ ദിവസത്തിനും പിഴ ഈടാക്കും. കുറ്റത്തിന് നിയമം അനുശാസിക്കുന്ന പിഴയുടെ 10 ശതമാനത്തില്‍ കൂടാത്ത തുകയാണ് ഒരു ദിവസത്തെ പിഴയായി ഈടാക്കുക. കുറ്റത്തിന്റെ തോതും സ്വഭാവവും അനുസരിച്ചാകും ശിക്ഷ.

ശിക്ഷ ലഭിക്കുന്നവര്‍ വീണ്ടുമത് ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ഒരു തവണ ശിക്ഷിക്കപ്പെട്ട് മൂന്ന് വര്‍ഷത്തിനിടയില്‍ അതേകുറ്റം ചെയ്താല്‍ അത് ആവര്‍ത്തനമായി കണക്കാക്കും. മാലിന്യം ശേഖരിക്കല്‍, അതിന്റെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, സൂക്ഷിപ്പ്, ഇറക്കുമതി, കയറ്റുമതി, സംസ്‌ക്കരണം, സുരക്ഷിതമായി മാലിന്യം നിക്ഷേപിക്കല്‍, മാലിന്യ കേന്ദ്രങ്ങളുടെ പരിപാലനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും അവ ലംഘിച്ചാലുള്ള ശിക്ഷകളും വ്യക്തമായി പ്രതിപാദിക്കുന്നതാണ് പുതിയ മാലിന്യ സംസ്‌ക്കരണ നിയമം.
ഇതുപ്രകാരം നിയമ വിരുദ്ധമായി മാലിന്യം ശേഖരിക്കല്‍, മാലിന്യങ്ങള്‍ കത്തിക്കല്‍, മാലിന്യം വെള്ളത്തിലോ പൊതു ഇടങ്ങളിലോ വലിച്ചെറിയല്‍, കൃത്യമായ മാലിന്യ ബോക്‌സുകളിലല്ലാതെ മാലിന്യം നിക്ഷേപിക്കല്‍ തുടങ്ങിയവ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട് എന്തു പദ്ധതികള്‍ നടപ്പിലാക്കുന്നതിനും ഔദ്യോഗിക ലൈസന്‍സ് ആവശ്യമാണ്. അല്ലെങ്കില്‍ നാഷനല്‍ സെന്റര്‍ ഫോര്‍ വെയ്‌സ്റ്റ് മാനേജ്‌മെന്റില്‍ നിന്ന് പ്രത്യേക അനുമതി നേടണം.

റേഡിയോ ആക്ടീവ് അല്ലാത്ത മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍, സംഘടനകള്‍, പദ്ധതികള്‍, സംവിധാനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാമുള്ള ലൈന്‍സന്‍സ് നല്‍കുന്ന സ്ഥാപനമാണിത്. മാലിന്യ സംസ്‌കരണത്തിന് ലൈസന്‍സ് ലഭിച്ച സ്ഥാപനങ്ങള്‍ വ്യവസ്ഥകള്‍ ലംഘിച്ചാലും പിഴ ലഭിക്കും. ഒരു കോടി റിയാല്‍ പിഴയും ആറു മാസത്തേക്കോ പൂര്‍ണമായോ ലൈസന്‍സ് റദ്ദ് ചെയ്യലുമാണ് ശിക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.