1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2022

സ്വന്തം ലേഖകൻ: സൗദിയിൽ അതിശൈത്യം തുടരുന്നു. രാജ്യത്തെ താപനില ഇന്ന് മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസിലേക്ക് കുറഞ്ഞു. നാളെ മുതൽ താപനിലയിൽ ക്രമേണ വർധനവ് രേഖപ്പെടുത്തുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ തണുപ്പിന് പുറമേ ശീതകാറ്റും മഞ്ഞുവീഴ്ചയും തുടരുകയാണ്. തരീഫിലാണ് രാജ്യത്ത് ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ്. ഖുറയ്യാത്ത്, റഫഹ ഭാഗങ്ങളിൽ മൈനസ് രണ്ട് ഡിഗ്രിയും, അറാർ, തബൂക്ക്, ഹഫർബാത്തിൻ പ്രദേശങ്ങൽ മൈനസ് ഒരു ഡിഗ്രിയും സക്കാകയിൽ പൂജ്യം ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.

തലസ്ഥാന നഗരമായ റിയാദിൽ രണ്ടു ഡിഗ്രിയായി താപനില കുറഞ്ഞു. കൊടും തണുപ്പിന് നാളെ മുതൽ ശമനം ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റിയാദുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളെ മുതൽ താപനിലയിൽ ക്രമേണ വർധനവ് രേഖപ്പെടുത്തും. എന്നാൽ പുലർച്ച സമയങ്ങളിൽ ശക്തമായ മൂടൽ മഞ്ഞിന് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

അതിനിടെ സൗദി അറേബ്യയില്‍ പുക ശ്വസിച്ച് മരണപ്പെട്ട മലയാളി സുഭാഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പത്തനംതിട്ട ജില്ലയിലെ തെങ്ങമം സുഭാഷ് ഭവനില്‍ ദേവന്‍ രോഹിണി ദമ്പതികളുടെ മകന്‍ സുഭാഷ് (41) ആണ് പുക ശ്വസിച്ച് മരണപ്പെട്ടത്. രണ്ട് കൊല്ലം മുമ്പ് ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തിയ സുഭാഷ് ഖമീസിലെ അതൂത് ഡാമിനടുത്ത് സ്വദേശി പൗരന്റെ വീട്ടു ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

കൊടും തണുപ്പില്‍ നിന്നും രക്ഷ കിട്ടാനായി ഒരുക്കിയ തീയില്‍ നിന്നും ഉണ്ടായ പുക ശ്വസിച്ചാണ് ഇദ്ദേഹത്തിന് മരണം സംഭവിച്ചത്. അസീര്‍ പ്രവിശ്യയില്‍ തണുപ്പുകാലം ആയതിനാല്‍ രാത്രി കാലങ്ങളില്‍ മുറിയില്‍ തീ കത്തിച്ച് തണുപ്പില്‍ നിന്നും ആശ്വാസം കണ്ടെത്തിയിരുന്നു. എന്നാല്‍, മരണ ദിവസവും പെയിന്റ് പാട്ടയില്‍ തീ കത്തിച്ച് ഉറങ്ങി പോയി. ഇതില്‍ നിന്നുണ്ടായ പുക ശ്വസിച്ച് മരണപ്പെടുകയായിരുന്നു.

സൗദിയില്‍ ബന്ധുമിത്രാദികളോ ആരും തന്നെ ഇല്ലാതെ വന്ന സാഹചര്യത്തില്‍ നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും മൃതശരീരം നാട്ടില്‍ എത്തിച്ചു തരാന്‍ അഭ്യര്‍ഥിക്കുകയും ഇന്ത്യന്‍ സോഷ്യല്‍ ഫോറം വിഷയത്തില്‍ ഇടപെടുകയും ചെയ്തു. ഖമീസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മുനീര്‍ ചക്കുവള്ളിയുടെ പേരില്‍ കുടുംബം പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയും ചെയ്തു. തുടര്‍ന്ന്, സൗദിയിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അസീര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അധികാരികളുടെ നേതൃത്വത്തില്‍ മൃതശരീരം നാട്ടിലേക്ക് അയച്ചു.

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം അന്‍സാരി ഏനാത്ത്, ഷാജി പഴകുളം, സമദ് മണ്ണടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം സംസ്‌കരിച്ചു. ഭാര്യ റാണി (36), സൂര്യപ്രിയ (12), സൂര്യനാരായണന്‍ (7) എന്നിവര്‍ മക്കളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.