
സ്വന്തം ലേഖകൻ: നിയമങ്ങള്‍ പാലിക്കാതെ വിദേശികളെ വിവാഹം ചെയ്യുന്ന സൗദി പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. നിയമപ്രകാരമുള്ള വിവാഹ രജിസ്‌ട്രേഷന്‍ നടത്താതെ വിദേശി വനിതയെ വിവാഹം ചെയ്താല്‍ അവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇത്തരം സ്വകാര്യ വിവാഹങ്ങള്‍ സൗദികള്‍ക്കിടയില്‍ വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് ശക്തമായ നടപടികളുമായി സൗദി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ വച്ച് ഈ രീതിയില്‍ നിയമാനുസൃതം രജിസ്റ്റര്‍ ചെയ്യാതെ വിവാഹം നടത്തിക്കൊടുക്കുന്നതിന് മധ്യവര്‍ത്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രമുഖ അഭിഭാഷക ശൈമ അല്‍ സഖാഫി പറഞ്ഞു.
സൗദികള്‍ വിദേശ യാത്ര പോകുന്ന സന്ദര്‍ഭങ്ങളിലാണ് ആ രാജ്യങ്ങളിലെ സ്ത്രീകളുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ ഈ വിവാഹങ്ങള്‍ വിദേശ രാജ്യത്തോ സൗദിയിലോ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ല. ഇത് ഗുരുതരമായ നിയമ ലംഘനമാണെന്ന് അധികൃതര്‍ കുറ്റപ്പെടുത്തി.
വിവാഹമെന്നത് വ്യക്തിയുടെയും കുടുംബത്തിന്റെയും മക്കളുടെയും ഭാവി ജീവിതവുമായി ബന്ധപ്പെട്ടതാണ് എന്നതിനാല്‍ തോന്നിയ പോലെ അത് നടത്താനാവില്ലെന്നും അവര്‍ പറഞ്ഞു. ഇത് സമൂഹത്തെ തന്നെ ദോഷകമായി ബാധിക്കും. എന്നു മാത്രമല്ല, ഇത്തരം വിവാഹങ്ങള്‍ ചൂഷണങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും ഇടവരുത്താന്‍ സാധ്യത ഏറെയാണ്. അതുകൊണ്ടാണ് വിവാഹങ്ങള്‍ ഔദ്യോഗികമായ രജിസ്റ്റര്‍ ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ചില രാജ്യങ്ങള്‍ ടൂറിസ്റ്റുകളായി എത്തുന്ന സൗദികള്‍ക്ക് ചെറിയ തുക വാങ്ങി യുവതികളെ വിവാഹം ചെയ്തു കൊടുക്കുന്ന ഏര്‍പ്പാടുണ്ടെന്ന് വിദേശ രാജ്യങ്ങളില്‍ സൗദി കുടുംബങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന അവാസിര്‍ എന്ന ജീവകാരുണ്യ സംഘടനയുടെ തലവന്‍ തൗഫീഖ് അല്‍ സുവൈലിം പറഞ്ഞു. സൗദി സ്ത്രീകളെ വിവാഹം ചെയ്യുന്നത് ചെലവേറിയ കാര്യമാണെന്നും വിദേശ വനിതയെ വിവാഹം ചെയ്യുമ്പോള്‍ ചെലവ് കുറവാണെന്നുമുള്ള പ്രചാരണം സൗദി സാമൂഹ്യ മാധ്യമങ്ങളില്‍ ഈയിടെ പ്രചരിച്ചത് വാര്‍ത്തയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല