
സ്വന്തം ലേഖകൻ: പ്രശസ്ത സാക്‌സോഫോൺ സംഗീതജ്ഞന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏതാനും നാളുകളായി ആരോഗ്യപരമായ ബുദ്ധിമുട്ടുകളാല്‍ ചികിത്സയിലായിരുന്നു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കലാകാരനാണ് കദ്രി ഗോപാല്‍നാഥ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മകന്‍ മണികണ്ഠ് കദ്രി സംഗീത സംവിധായകനാണ്. മറ്റൊരു മകന്‍ കുവൈറ്റിലാണ്. മകന്‍ കുവൈറ്റില്‍ നിന്ന് എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
നാദസ്വര വിദ്വാന്‍ താനിയപ്പയുടെയും ഗംഗമ്മയുടെയും മകനായി മംഗളൂരുവിന് സമീപം മിത്തികെരെയിയില്‍ 1950ലായിരുന്നു ജനനം. കുട്ടിക്കാലം മുതലേ സംഗീതത്തോട് വലിയ താൽപര്യമായിരുന്നു. എന്‍.ഗോപാലകൃഷ്ണ അയ്യരില്‍ നിന്നാണ് സാക്‌സോഫോൺ അഭ്യസിച്ചത്. ചെമ്പൈ സംഗീതോത്സവത്തിലായിരുന്നു ആദ്യ കച്ചേരി.
ബാൻഡ് മേളങ്ങളിൽ അനുബന്ധവാദ്യമായിട്ടാണ് ഇന്ത്യയിൽ സാക്സോഫോൺ പ്രധാനമായി ഉപയോഗിച്ചിരുന്നത്. എന്നാൽ കദ്രി ഗോപിനാഥ് ഈ ഉപകരണം ക്ലാസിക്കൽ സംഗീത പരിപാടികളിലും ഉപയോഗിച്ചു. സാക്‌സഫോണ്‍ എന്ന പാശ്ചാത്യ സംഗീതോപകരണത്തെ കർണാടകസംഗീതവുമായി കൂട്ടിയിണക്കുന്ന മാസ്മരികമായ ഫ്യൂഷൻ സംഗീതമായിരുന്നു കദ്രി ഗോപാൽനാഥിന്റേത്.
യൂറോപ്പിലെ പ്രാഗ്, മെക്‌സിക്കോ, ബര്‍ലിന്‍,പാസ് എന്നിവിടങ്ങളിലെ പ്രസിദ്ധ സംഗീതവേദികളിൽ ക്ഷണം ലഭിച്ച ആദ്യത്തെ കർണാടക സംഗീതജ്ഞൻ കൂടിയാണ് കദ്രി ഗോപാൽനാഥ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല