1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2024

സ്വന്തം ലേഖകൻ: വിനോദസഞ്ചാര മേഖലയില്‍ വന്‍ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനായി അടിമുടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ തായ്‌ലന്‍ഡ്. ഇത്തവണ ഷെങ്കന്‍ വീസ മാതൃകയില്‍ അയല്‍ രാജ്യങ്ങളുമായി സഹകരിച്ചാണ് തായ്‌ലന്‍ഡിന്റെ നീക്കം. ഒരു വീസയില്‍ തായ്‌ലന്‍ഡിന് പുറമെ കംബോഡിയ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തായ്‌ലന്‍ഡ് പ്രധാനമന്ത്രിയായ സ്രെത്ത തവിസിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നത്. നിരവധി വിദേശരാജ്യങ്ങളില്‍ കറങ്ങാന്‍ താത്പര്യമുള്ള വന്‍കിട വിനോദസഞ്ചാരികളെയാണ് പുതിയ വീസയിലൂടെ ഈ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. ഇത്തരം സഞ്ചാരികള്‍ രാജ്യത്തെത്തിയാല്‍ അവര്‍ കൂടുതല്‍ പണം ചിലവഴിക്കുമെന്നും അത് വിനോദസഞ്ചാരത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുമെന്നുമാണ് ഇവര്‍ കണക്കുകൂട്ടുന്നത്. 2027-ഓടെ 80 മില്യണ്‍ സഞ്ചാരികളെ വരവേല്‍ക്കുകയെന്ന ലക്ഷ്യത്തിന്റെ കൂടെ ഭാഗമാണ് ഈ നീക്കം.

ലോകത്തിലെ തന്നെ ടൂറിസം ഭൂപടത്തില്‍ മുന്നിട്ട് നില്‍ക്കുന്ന ഈ ആറ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കറങ്ങാന്‍ ഏകീകൃത വീസ ഏര്‍പ്പെടുത്തുന്നതിനെ സഞ്ചാരി സമൂഹവും ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. നിലവില്‍ ഈ രാജ്യങ്ങളിലെല്ലാം വളരെ കുറഞ്ഞ വിഭാഗത്തിന് മാത്രമേ വീസ രഹിത പ്രവേശനം അനുവദിച്ചിട്ടുള്ളു. അല്ലാത്തവര്‍ ഓരോ രാജ്യങ്ങളിലേയും വീസ പ്രത്യേകം എടുക്കണം. ഇതിനായി കൂടുതല്‍ പണവും സമയവും ചിലവിടണമെന്നതും സഞ്ചാരികളെ മടുപ്പിക്കുന്നതാണ്.

ഏകീകൃത വീസ വരുന്നത് ഏഷ്യയിലൂടെ തുടര്‍ച്ചയായി സഞ്ചരിക്കാന്‍ വരുന്ന യാത്രികര്‍ക്കും കൂടുതല്‍ ഉപകാരപ്രദമാകും. ഷെങ്കന്‍ മാതൃകയില്‍ അതിര്‍ത്തികളിലെ പരിശോധനകളും കുറഞ്ഞാല്‍ ഏറ്റവും ആയാസരഹിതമായും ചിലവ് കുറഞ്ഞും കൂടുതല്‍ രാജ്യങ്ങള്‍ കാണാന്‍ കഴിയുന്ന വീസയായി ഇത് മാറും. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ ഇതിനോട് എത്രത്തോളം അനുകൂലമായി പ്രതികരിക്കുന്നു എന്നതിനനുസരിച്ചായിരിക്കും പുതിയ സംവിധാനം നിലവില്‍ വരിക.

സ്രെത്ത തവിസിന്‍ അധികാരത്തിലെത്തിയത് മുതല്‍ രാജ്യത്തെ ഒരു ടൂറിസം ഹോട്ട്‌സ്‌പോട്ടാക്കി മാറ്റാനുള്ള പരിഷ്‌കാരങ്ങളാണ് തായ്‌ലന്‍ഡില്‍ നടപ്പിലായത്. പുതിയ വീസയ്ക്കായുള്ള ചര്‍ച്ചകള്‍ ഇതര രാജ്യങ്ങളുമായി നടത്തുന്നതിനുള്ള മുന്‍കൈ എടുക്കുന്നതും അദ്ദേഹമാണ്. നിലവില്‍ ലോക ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള രാജ്യമാണ് തായ്ലന്‍ഡ്. രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗവും വിനോദസഞ്ചാരമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.