1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2017

സ്വന്തം ലേഖകന്‍: പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ പ്ലാസ്റ്റിക് തീറ്റക്കാരന്‍ പുഴുവുമായി ഗവേഷകര്‍. പ്ലാസ്റ്റിക് തിന്നുന്ന പുഴുവിന്റെ ലാര്‍വയെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്. കറന്റ് ബയോളജി എന്ന ശാസ്ത്രമാസികയിലാണ് ‘മെഴുകുപുഴു’ എന്ന് അറിയപ്പെടുന്ന (ശാസ്ത്രീയ നാമം Galleria mellonella) കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്.

തേനീച്ചക്കൂട്ടിലെ മെഴുകുതിന്നുന്ന ഇവയുടെ ലാര്‍വയ്ക്ക് പ്ലാസ്റ്റിക്കും ഭക്ഷിക്കാനാകുമെന്നാണ് കണ്ടെത്തല്‍. ഒരു മണിക്കൂര്‍ കൊണ്ട് പ്ലാസ്റ്റിക് ബാഗില്‍ തുളയുണ്ടാക്കാന്‍ സാധിച്ചതായി ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു. ‘ഇതെങ്ങനെ നടക്കുന്നു എന്ന് മനസിലാക്കുകയാണ് ആദ്യപടി. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് പരിഹാരം നല്‍കാന്‍ ഒരുപക്ഷെ ഈ അറിവ് പ്രയോജനപ്പെടും. ഈ പുഴുവൊരു ആരംഭമാണ്’ പരീക്ഷണസംഘത്തിലെ അംഗമായ ഡോ. പാവ്‌ലോ ബോംബെല്ലി അഭിപ്രായപ്പെട്ടു.

സ്പാനിഷ് നാഷണല്‍ റിസര്‍ച്ച് കൗണ്‍സിലിലെ ഗവേഷകനാണ് ഡോ.ബോംബെല്ലി. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ബയോകെമിസ്ട്രി വകുപ്പിലെ ക്രിസ്റ്റഫര്‍ ഹോവുമായി ചേര്‍ന്നായിരുന്നു ഗവേഷണം. പ്ലാസ്റ്റിക് പ്രകൃതിദത്തമായി ഇല്ലാതാകുന്നതിന്റെ രാസപ്രക്രിയ മനസിലാക്കുന്നതിന്റെ ഭാഗമായുള്ള പഠനമാണ് ഇവര്‍ നടത്തിവരുന്നത്.

‘പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുന്നതിലൂടെ സമുദ്രവും നദികളും ഉള്‍പ്പെടെയുള്ള പരിസ്ഥിതിയെ വലിയൊരു വിപത്തില്‍ നിന്നും സംരക്ഷിക്കാം. അതേസമയം സംസ്‌ക്കരിക്കാനുള്ള വഴി കണ്ടെത്തുന്നു എന്നത് പ്ലാസ്റ്റിക് വലിച്ചെറിയാനുള്ള അനുവാദമായും മനുഷ്യന്‍ കാണരുത്’, ബോംബെല്ലി കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.