1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2022

സ്വന്തം ലേഖകൻ: സ്‌കോട്ട്‌ലന്‍ഡിലെ ഐല്‍ ഓഫ് സ്‌കൈയില്‍ അക്രമി നാലിടത്തായി നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. 3 പേരുടെ നില ഗുരുതരമാണ്. എല്ലാ സംഭവങ്ങളിലും പ്രതി ഒരാള്‍ തന്നെയാണെന്നും 39കാരനായ ഇയാളെ പിടികൂടിയെന്നും പോലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെ നടന്ന വെടിവെയ്പ്പില്‍ 47കാരന്‍ വെടിയേറ്റ് മരിച്ചതായി പോലീസിന് അറിയിപ്പ് ലഭിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് തന്നെ മറ്റൊരു സ്ത്രീക്ക് വെടിയേറ്റ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഈ സംഭവങ്ങള്‍ക്ക് ശേഷം അല്‍പ നേരത്തിനുള്ളില്‍ തന്നെ മറ്റൊരിടത്തു നിന്നും വെടിവെയ്പ്പിന്റെ വാര്‍ത്തകളെത്തി. സ്‌കോട്ടിഷ് മെയിന്‍ലാന്‍ഡില്‍ നിന്നും 40 മിനിറ്റ് യാത്രമാത്രം ഉള്ള ഡോര്‍ണിയിലാണ് ഒരു പുരുഷനും ഒരു സ്ത്രീക്കും വെടിയേറ്റതായ വാര്‍ത്ത വന്നത്. ഈ സംഭവങ്ങള്‍ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പോലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്തു. ഈ സംഭവങ്ങളുടെ പൂര്‍ണ്ണ വിശദാംശങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

ഒരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇവിടെ ഒരു വനിത വെടിയേറ്റ് കിടക്കുന്നു എന്ന റിപ്പോര്‍ട്ട് ലഭിച്ച ഉടനെ തന്നെ പോലീസ് കാറുകളും ഹെലികോപറ്ററും എല്ലാം ഇവിടേക്ക് പറന്നെത്തി. അവിടെ ഒരു വീടിനകത്തായിരുന്നു 32കാരിയയായ ഒരു യുവതി വെടിയേറ്റ് കിടന്നിരുന്നത്. ഉടനടി അവരെ വ്യോമമാര്‍ഗ്ഗം ഗ്ലാസ്‌ഗോയിലെ ക്യൂന്‍ എലിസബത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.

പിന്നീട് ഏകദേശം അരമണിക്കൂറിനു ശേഷം ടീന്‍ഗ്യൂവിനു സമീപമുള്ള ഒരു വീട്ടില്‍ വെടി വെയ്പ് നടന്നെന്ന വിവരം ലഭിച്ച് പോലീസ് എത്തുകയായിരുന്നു. അവിടേയായിരുന്നു 47കാരന്‍ മരിച്ച് കിടന്നിരുന്നത്. അതിനു ശേഷമായിരുന്നു ഡോര്‍ണിയിലെ വെടിവയ്പ്പ്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഒരു പുരുഷനെ ഇന്‍വേര്‍നെസ്സിലെ റെയ്‌ഗ്മൊര്‍ ആശുപത്രിയില്‍ എത്തിച്ചു. വെടിയേറ്റ സ്ത്രീയെ ഐല്‍ ഓഫ് സ്‌കൈയിലെ ബ്രോഡ്‌ഫോര്‍ഡ് ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്ത 39കാരനെയും റെയ്‌ഗ്മോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.