
സ്വന്തം ലേഖകൻ: സ്‌കോട്ട്‌ലണ്ടിനെ സ്വന്തം നിലയ്ക്ക് യുകെയില്‍ നിന്നും വിഭജിക്കാനുള്ള നിക്കോള സ്റ്റര്‍ജന്റെ നീക്കങ്ങള്‍ക്ക് തടയിട്ട് സുപ്രീംകോടതി. യുകെയില്‍ നിന്നും വേര്‍പിരിക്കാനുള്ള സ്‌കോട്ട്‌ലണ്ട് ഫസ്റ്റ് മിനിസ്റ്ററുടെ നിയമപോരാട്ടമാണ് തിരിച്ചടി നേരിട്ടത് . വെസ്റ്റ്മിന്‍സ്റ്റര്‍ അംഗീകാരം ഇല്ലാതെ ഒരു ഹിതപരിശോധന നടത്താന്‍ ഇവര്‍ക്ക് കഴിയില്ലെന്നാണ് സുപ്രീംകോടതി ഐക്യകണ്‌ഠേന പ്രഖ്യാപിച്ചത്.
എന്നാല്‍ യുകെ സ്വന്തം ഇഷ്ടപ്രകാരമുള്ള ഒരു പങ്കാളിത്തമല്ലെന്നാണ് എസ്എന്‍പി നേതാവിന്റെ വാദം. സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ടതോടെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി നിയമപരമായിരിക്കുമെന്ന് നിക്കോള സമ്മതിച്ചിട്ടുണ്ട്. ജനാധിപത്യം അവഗണിക്കുന്നത് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി സുനാകിനോട് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ ആവശ്യപ്പെട്ടു. ഒരു ബാലറ്റ് നടത്തുന്നതിന് പ്രധാനമന്ത്രി ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്നും ഇവര്‍ പറയുന്നു.
‘എസ്എന്‍പി ഹിതപരിശോധനാ വഴി ഉപേക്ഷിക്കുന്നില്ല, എന്നാല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ഇത് തടയുകയാണ്’, നിക്കോള ആരോപിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പ് എസ്എന്‍പി നേരിടുന്നത് സ്വാതന്ത്ര്യം എന്ന വിഷയത്തെ ആസ്പദമാക്കിയാകുമെന്നും ഫസ്റ്റ് മിനിസ്റ്റര്‍ പ്രഖ്യാപിച്ചു. 2024-ല്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്‌കോട്ട്‌ലണ്ടിലെ വോട്ടുകളില്‍ ഭൂരിപക്ഷവും വിഭജനത്തിന് അനുകൂലമായി കണക്കാക്കാമെന്ന് നിക്കോള നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ 2019ല്‍ ഈ ഭൂരിപക്ഷം നേടാന്‍ ഇവര്‍ക്ക് സാധിച്ചില്ല. ഇപ്പോള്‍ ഗ്രീന്‍, ആല്‍ബ വോട്ടുകളും ഈ ഗണത്തില്‍ കണക്കാക്കണമെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുക.
സുപ്രീംകോടതി വിധി വ്യക്തവും, ആധികാരികവുമാണെന്ന് സുനാക് ഹൗസ് ഓഫ് കോമണ്‍സില്‍ വ്യക്തമാക്കി. ‘ഇനി രാഷ്ട്രീയക്കാര്‍ ഒരുമിച്ച് ജോലി ചെയ്യണം, അതാണ് ഈ ഗവണ്‍മെന്റ് അതാണ് ചെയ്യുക’, സുനാക് പറഞ്ഞു. കുറച്ച് നാള്‍ മുന്‍പ് മാത്രം നടന്ന ഹിതപരിശോധനാ ഫലത്തെ ബഹുമാനിക്കാതെ വീണ്ടുമൊരു ജനാഭിപ്രായം തേടുന്നത് അവസാനിപ്പിക്കണമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വിശദമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല