
സ്വന്തം ലേഖകൻ: യുകെയിൽ ആദ്യമായി കുട്ടികളെ തല്ലുന്നത് (സ്മാക്കിംഗ്) നിയമ വിരുദ്ധമാക്കി സ്കോട്ട്ലൻഡ്. ശനിയാഴ്ച പ്രാബല്യത്തിൽ വന്ന നിയമ ഭേദഗതി കുട്ടികൾക്ക് മുതിർന്നവരിൽ നിന്നുള്ള ആക്രമണത്തിൽ നിന്ന് സംരക്ഷണം ഉറപ്പു നൽകുന്നു. സ്കോട്ടിഷ് പാർലമെന്റ് കഴിഞ്ഞ വർഷം ഈ നീക്കത്തിന് അംഗീകാരം നൽകിയിരുന്നു, 2022 ഓടെ വെയിൽസും ഇതേ വഴി പിന്തുടരുമെന്നാണ് പ്രതീക്ഷ.
ചിൽഡ്രൻസ് ആക്റ്റ് 2004 അനുസരിച്ച് യുകെയുടെ മറ്റ് ഭാഗങ്ങളിൽ “ന്യായമായ ശിക്ഷ” ആണെങ്കിൽ സ്മാക്കിംഗ് ഇപ്പോഴും അനുവദനീയമാണ്. “ന്യായമായ ശിക്ഷ” എതല്ലാമാണ് എന്നത് ഓരോ കേസുകളെയും ആശ്രയിച്ചിരിക്കും, എന്നാൽ ഗുരുതരമായ ശാരീരിക ശിക്ഷാ മുറകളായ മുറിവേൽപ്പിക്കൽ, മറ്റ് ശാരീരിക ഉപദ്രവങ്ങൾ എന്നിവ ഈ പരിധിയിൽ വരുന്നില്ല.
“സ്കോട്ട്‌ലൻഡ് യുകെയുടെ ഈ നിയമനിർമ്മാണത്തിന്റെ നിർണായക ഭാഗമായി മാറിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,” കുട്ടികളുടെ മന്ത്രി മാരി ടോഡ് പറഞ്ഞു. “കാലഹരണപ്പെട്ട ഈ ശിക്ഷാ രീതിയ്ക്ക് ഇനി ആധുനിക സ്കോട്ട്ലൻഡിൽ സ്ഥാനമില്ല. ഒരു കുട്ടിയെ അടിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല,” മന്ത്രി കൂട്ടിച്ചേർത്തു.
പുതിയ നിയമം പ്രാബല്യത്തിലായതോടെ “തങ്ങളുടെ കുട്ടികളെ ഒന്ന് പൊട്ടിച്ചാൽ പോലീസിനെന്താ കാര്യം?” എന്ന ചോദിച്ചിരുന്ന മാതാപിതാക്കൾ പുലിവാല് പിടിക്കും! പോലീസ് സ്റ്റേഷൻ കയറിയിറങ്ങുന്നത് കൂടാതെ പോലീസ് ഡാറ്റാബേസുകളിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഉൾപ്പെടുയുള്ള നിയമ നടപടികളും രക്ഷിതാക്കൾ നേരിടേണ്ടി വരും.
എന്നാൽ ഭൂരിപക്ഷം സ്കോട്ടുകാരും ഈ മാറ്റത്തെ അനുകൂലിക്കുന്നില്ല എന്ന് “ബി റീസണബിൾ സ്കോട്‌ലൻഡ്” എന്ന കാമ്പയിൽ സംഘടന ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല