
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സമുദ്ര നിരപ്പ് 3.3 മില്ലീമിറ്റര്‍ ഉയര്‍ന്നതായി ഭൗമശാസ്‌ത്ര മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ട്. വിവിധ കാരണങ്ങളാല്‍ 390 കിലോമീറ്റര്‍ കേരള തീരം ശോഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ലോകത്ത് ഏറ്റവും രൂക്ഷമായ കാലാവസ്‌ഥാ വ്യതിയാനം സംഭവിക്കുന്ന 17 ഹോട് സ്‌പോര്‍ട്ടുകളില്‍ സംസ്‌ഥാനവും ഉള്‍പ്പെടുന്നു.
കൊച്ചി തീരത്തെ സമുദ്ര നിരപ്പില്‍ പ്രതിവര്‍ഷം 1.75 മില്ലീമീറ്റര്‍ വര്‍ധനയുണ്ട്. ഇക്കാരണത്താല്‍ 169 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വെള്ളപ്പൊക്ക കെടുതിയുടെ പിടിയിലാണ്. കായലിനും കരയ്‌ക്കും മധ്യേ സ്‌ഥിതിചെയ്യുന്ന ചെല്ലാനത്ത് കടല്‍ കയറാന്‍ തുടങ്ങിയിട്ട് ഇരുപത് വര്‍ഷത്തില്‍ അധികമായി. കൊച്ചി തുറമുഖത്തിന്റെ കപ്പല്‍ ചാലിന് ആഴംകൂട്ടാനുള്ള ഡ്രഡ്‌ജിങ്ങ് ചെല്ലാനം ഉള്‍പ്പെടെയുള്ള പല മേഖലയിലും തീരശോഷണത്തിനു കാരണമാകുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ ചെല്ലാനം തെക്ക് നിര്‍മ്മിക്കുന്ന ഫിഷിങ് ഹാര്‍ബറും കടല്‍കയറ്റത്തിന് ഇടയാക്കുന്നു. ഹാര്‍ബറുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച പുലിമുട്ടുകളും തീരശോഷണത്തിന്റെ വേഗം കൂട്ടി.
കേരളത്തില്‍ ഏറ്റവും ശക്‌തമായി കടല്‍കയറ്റം നടക്കുന്നത് തിരുവനന്തപുരത്താണ്. കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്ത് പൂര്‍ത്തിയാക്കിയ ഹാര്‍ബറാണ് ഇവിടെ കടല്‍കയറ്റത്തിന് വഴിതെളിക്കുന്നത്. വലിയതുറ, പൂന്തുറ, പനത്തുറ മേഖലയിലും കടലാക്രമണം രൂക്ഷമാണ്.
ശംഖുമുഖം മുതല്‍ വലിയതുറ എഫ്.സി.ഐ ഗോഡൗണ്‍ വരെയുള്ള ഇരുനൂറില്‍ അധികം വീടുകള്‍ ഏതു നിമിഷവും കടലെടുക്കുന്ന അവസ്‌ഥയിലാണ്. ശംഖുമുഖത്തെ പഴയ ബീച്ച് പൂര്‍ണമായും കടലെടുത്തു. തുറമുഖ നിര്‍മ്മാണത്തിനായി വിഴിഞ്ഞത്തുനിന്നും മണല്‍ കോരിയപ്പോള്‍ സമീപമുള്ള തീരത്തെ മണല്‍ നഷ്‌ടപ്പെടുമെന്ന തിരിച്ചറിവാണ് അധികൃതര്‍ക്ക് ഇല്ലാതെ പോയതെന്നു പരിസ്‌ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.
മുതലപ്പൊഴിയില്‍ നിര്‍മ്മിച്ച പുലിമുട്ടുകാരണം താഴമ്പള്ളി മുതല്‍ മാമ്പള്ളിവരെയുള്ള അഞ്ചുതെങ്ങ് പ്രദേശം മുഴുവനായും കടലെടുത്തുപോയി. രണ്ടു വര്‍ഷം മുമ്പുണ്ടായ രൂക്ഷമായ കടല്‍കയറ്റം മൂലം വിഴിഞ്ഞത്തെ വലിയതുറ, കൊല്ലത്തെ ആലപ്പാട്, ആലപ്പുഴയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, കൊച്ചിയിലെ ചെല്ലാനം എന്നിവിടങ്ങളില്‍ വന്‍ നാശമുണ്ടായി. വടക്കന്‍ കേരളത്തിലും സ്‌ഥിതി വ്യത്യസ്‌തമല്ല. ഖനനവും നിര്‍മ്മാണവും പരിമിതപ്പെടുത്തുക എന്നതു മാത്രമാണ് ഇതിനൊരു പ്രതിവിധിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ കേരളത്തിലും ഗോവയിലും കനത്ത നാശം വിതച്ച് നീങ്ങിയ ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിൽ അതിവേഗത്തിൽ ആഞ്ഞടിക്കാൻ സാധ്യതയെന്ന് ദേശീയ ദുരന്ത നിവാരണ സമിതി. മേയ് 18ന് രാവിലെ ഗുജറാത്ത് തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റിന്‍റെ ഏറ്റവും പുതിയ അവസ്ഥയെക്കുറിച്ച് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ (ഐ.എം.ഡി) സമിതിയെ അറിയിച്ചു.
മണിക്കൂറില്‍ 150 മുതല്‍ 160 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റായിട്ടായിരിക്കും ഇത് എത്തുക. ഇതിനോടനുബന്ധിച്ച് ഗുജറാത്തിലെ തീരദേശ ജില്ലകളില്‍ കനത്ത മഴും കൊടുങ്കാറ്റും ഉണ്ടായേക്കും. ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂർ നേരത്തേക്ക് കൂടി സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. അതീവ ജാഗ്രത തുടരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല