
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയും നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ അഞ്ച് ധാരണാ പത്രങ്ങളിൽ ഒപ്പിട്ടു. ഊർജം വ്യാപാരം ആരോഗ്യം ഉൾപ്പെടെ ഉഭയകക്ഷി താത്പര്യമുള്ള വിഷയങ്ങളിൽ ഇരുനേതാക്കളും അഭിപ്രായങ്ങൾ പങ്കുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ കൂടുതൽ ശക്തിപ്രാപിക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രി വക്താവ് ട്വീറ്റ് ചെയ്തു. വ്യാപാരം, ഐടി, സ്പോർട്സ് ഉൾപ്പെടെ അഞ്ച് മേഖലകളിലാണ് ധാരണാപത്രം ഒപ്പിട്ടത്.
ബംഗ്ലാദേശിന് ഇന്ത്യ സമ്മാനിക്കുന്ന ‘109 ആംബുലൻസ്’ സേവനങ്ങളുടെ താക്കോൽ പ്രധാനമന്ത്രി മോദി ഷെയ്ക്ക് ഹസീനയ്ക്കു കൈമാറി. ഇന്ത്യയുടെ കോവിഡ് പ്രതിരോധവാക്സിനു നന്ദിസൂചകമായുള്ള ഉപഹാരം ഷെയ്ക്ക് ഹസീന മോദിക്കും സമ്മാനിച്ചു. സാംസ്കാരിക മേഖലകളിലെ സഹകരണത്തിനൊപ്പം 1971ലെ കരാറിന്റെ അന്തഃസത്ത കാത്തുസൂക്ഷിക്കൽ, റെയിൽവേ ശക്തീകരണം, വിദ്യാഭ്യാസം, അതിർത്തിയിലെ വികസനം, സ്റ്റാർട്ട്അപ്പുകളുടെ രൂപീകരണം തുടങ്ങിയവയും വിവിധ തലങ്ങളിൽ ചർച്ച ചെയ്തു.
ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിന്റെ സുവർണജൂബിലിയുടെ ഭാഗമായാണു പ്രധാനമന്ത്രി മോദിയുടെ സന്ദർശനം. സന്ദർശനത്തിന്റെ ഭാഗമായി ധാക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത മോദി സത്ഖിരയിലെ കാളീക്ഷേത്രവും ഒരാഖണ്ഡിലെ മത്വാ ക്ഷേത്രവും സന്ദർശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല