1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2021

സ്വന്തം ലേഖകൻ: കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസെടുത്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ചില രാജ്യങ്ങള്‍ അംഗീകരിക്കാത്തതു വിദേശ യാത്രയ്‌ക്കൊരുങ്ങുന്ന പ്രവാസികള്‍ക്കു തിരിച്ചടിയാകുന്നു. ആദ്യ ഡോസെടുത്തവര്‍ക്ക് 84 ദിവസം കഴിഞ്ഞ് രണ്ടാം ഡോസെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.
തിരിച്ചു പോകാനുള്ള പ്രവാസികളുടെ സൗകര്യം കണക്കിലെടുത്ത് 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് എടുക്കാന്‍ സംസ്ഥാനം സൗകര്യം ഒരുക്കി.

എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ നിബന്ധന അനുസരിച്ച് 84 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് എടുക്കുന്നവര്‍ക്കേ സര്‍ട്ടിഫിക്കറ്റ് നല്‍കാനാകൂ. പ്രശ്‌ന പരിഹാരത്തിനായി രണ്ടാം ഡോസെടുത്തവര്‍ക്ക് സംസ്ഥാന സര്‍ക്കാരാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പല രാജ്യങ്ങളും ഇത് അംഗീകരിക്കാത്തതോടെ പ്രവാസികള്‍ വെട്ടിലായി.

സര്‍ട്ടിഫിക്കറ്റില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പും നോര്‍ക്കയും സമ്മതിക്കുന്നു. ചില രാജ്യങ്ങളില്‍ മാത്രമാണ് പ്രശ്‌നമെന്നം അവര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ചില രാജ്യങ്ങളില്‍ സര്‍ട്ടിഫിക്കറ്റിനു പുറമേ മരുന്നിന്റെ ബാച്ച് നമ്പരും ഇന്ത്യന്‍ എംബസിയുടെ സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെടുന്നതായി നോര്‍ക്ക അധികൃതര്‍ പറയുന്നു.

ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ എംബസികളുമായി നോര്‍ക്ക ആശയവിനിമയം നടത്തിവരികയാണ്. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും നോര്‍ക്ക അധികൃതര്‍ അറിയിച്ചു. ആദ്യ ഡോസിന് കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റും രണ്ടാം ഡോസിന് സംസ്ഥാന സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റും കാണിക്കുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകുന്നതായി പ്രവാസികള്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കി ഒന്നാം ഡോസ് സ്വീകരിച്ച പ്രവാസികള്‍ 84 ദിവസത്തിനു മുന്‍പ് രണ്ടാം ഡോസ് വേണമെങ്കില്‍ സംസ്ഥാന പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. രണ്ടാം ഡോസ് ലഭിച്ചശേഷം വാക്‌സിന്‍ കേന്ദ്രങ്ങളില്‍നിന്ന് താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഈ സര്‍ട്ടിഫിക്കറ്റ് കോവിഡ് 19 വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്താല്‍ ഡിഎംഒ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ചില രാജ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്നു പ്രവാസികള്‍ പരാതിപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.