
സ്വന്തം ലേഖകൻ: രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി ഒഴികെയുള്ളവര്‍ പുതുമുഖങ്ങള്‍. ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ രണ്ടാം പിണറായി സര്‍ക്കാരില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നു പാര്‍ട്ടി തീരുമാനമെടുത്തു. എല്ലാവരും പുതുമുഖങ്ങളാകട്ടെയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. ശൈലജ പാര്‍ട്ടി വിപ്പായി പ്രവര്‍ത്തിക്കും.
സിപിഎമ്മിന്റെ ആദ്യ മന്ത്രിസഭയ്ക്കുശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുന്നത്. തീരുമാനം ഐകകണ്‌ഠ്യേന ആയിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു. എം.ബി.രാജേഷ് സ്പീക്കറാകും. പി.എ.മുഹമ്മദ് റിയാസും, വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, കെ.എന്‍.ബാലഗോപാല്‍, വി.അബ്ദുറഹ്മാന്‍, കെ.രാധാകൃഷ്ണന്‍, ആര്‍.ബിന്ദു, വീണാ ജോര്‍ജ്, വി.എന്‍.വാസവന്‍, പി.രാജീവ്, എം.വി.ഗോവിന്ദന്‍ മന്ത്രിമാരാകും. കെ.രാധാകൃഷ്ണന്‍ മുന്‍പ് സ്പീക്കറായിരുന്നു.
കെ.കെ.ശൈലജ ഒഴികെയുള്ള പഴയ മന്ത്രിമാരെ ഒഴിവാക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പ്രമുഖരെ ഒഴിവാക്കിയതുപോലെ മന്ത്രിസഭയിലും പുതുമുഖങ്ങള്‍ മതിയെന്ന തീരുമാനത്തിലേക്കു പാര്‍ട്ടി എത്തി. പുതിയ നേതൃനിരയെ വളര്‍ത്തിയെടുക്കുകയെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പുതിയ നേതൃനിരയെന്ന കാഴ്ചപ്പാട് ആദ്യം പിണറായി വിജയനാണ് പാര്‍ട്ടി വേദികളില്‍ അവതരിപ്പിച്ചതെങ്കിലും കേന്ദ്രനേതൃത്വത്തിന്റെയും കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെയും പിന്തുണ ആര്‍ജിക്കാനായി. തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയെങ്കിലും തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അതോടെ എം.എം.മണി, ടി.പി.രാമകൃഷ്ണന്‍, എ.സി.മൊയ്തീന്‍, കെ.കെ.ശൈലജ എന്നിവര്‍ ഒഴിവാക്കപ്പെട്ടു.
രണ്ടാം പിണറായി സർക്കാരിലെ സിപിഐ മന്ത്രിമാരായി. പി.പ്രസാദ്, കെ.രാജൻ, ജെ.ചിഞ്ചുറാണി, ജി.ആർ.അനിൽ എന്നിവർ മന്ത്രിമാരാകുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കർ. മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങളാണ്. പാര്‍ട്ടി പിളര്‍ന്നതിനു ശേഷം ആദ്യമായാണ് സിപിഐയ്ക്കു വനിതാ മന്ത്രിയുണ്ടാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല