1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2016

സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണ റിപ്പോര്‍ട്ട് തല്‍സമയം, എന്‍ഡിടിവിക്ക് ഒരു ദിവസത്തെ വിലക്ക്. പത്താന്‍കോട്ട് ഭീകരാക്രമണ റിപ്പോര്‍ട്ട് തല്‍സമയം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നിര്‍ണായക രഹസ്യങ്ങള്‍ പുറത്തുവിട്ടു എന്ന് ആരോപിച്ചാണ് ഹിന്ദി ചാനലായ എന്‍.ഡി. ടി.വി ഇന്ത്യയുടെ പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെപ്പിക്കണമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മന്ത്രിതല സമിതി കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തത്.

നവംബര്‍ ഒമ്പതിന് ചാനല്‍ പ്രക്ഷേപണം നിര്‍ത്തിവെക്കാന്‍ മന്ത്രാലയം ആവശ്യപ്പെടുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഒമ്പതിന് അര്‍ധരാത്രി മുതല്‍ 10ന് അര്‍ധരാത്രിവരെ ചാനലിന്റെ ഇന്ത്യയിലെ മുഴുവന്‍ പ്രക്ഷേപണങ്ങളും നിര്‍ത്താനാണ് നിര്‍ദേശം. ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഒരു ചാനലിനെതിരെ നടപടിയെടുക്കുന്ന ആദ്യ സംഭവമാണിത്. ചാനല്‍ പുറത്തുവിട്ട വിവരങ്ങള്‍ ഭീകരര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യരക്ഷക്ക് മാത്രമല്ല, ജനങ്ങളുടെയും സൈനികരുടെയും ജീവനും ഇത് ഭീഷണിയാണെന്നും മന്ത്രിതല സമിതി വിലയിരുത്തി.

വ്യോമസേനാ താവളത്തില്‍ സൂക്ഷിച്ചിരുന്ന യുദ്ധവിമാനങ്ങള്‍, റോക്കറ്റ് വിക്ഷേപിണികള്‍, മോര്‍ട്ടാറുകള്‍, ഹെലികോപ്ടറുകള്‍, ഇന്ധന ടാങ്കുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ചാനല്‍ വെളിപ്പെടുത്തിയത്. പ്രക്ഷേപണ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് ചാനലിന്റെ നടപടിയെന്ന് സമിതി അഭിപ്രായപ്പെട്ടു. അതേസമയം, നേരത്തേതന്നെ പരസ്യമായ വിവരങ്ങളാണ് തങ്ങള്‍ നല്‍കിയതെന്നാണ് ചാനല്‍ അധികൃതരുടെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.