1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2018

സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിമാനത്താവളത്തില്‍ പാക് പ്രധാനമന്ത്രിയ്ക്കും സുരക്ഷാ പരിശോധന; രാജ്യം അപമാനിക്കപ്പെട്ടതായി പാക് മാധ്യമങ്ങള്‍. പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസിയെ അമേരിക്കന്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയനാക്കിയതായി പാക് ടെലിവിഷന്‍ ചാനലുകളാണ് വാര്‍ത്തയും ദൃശ്യങ്ങളും പുറത്തുവിട്ടത്. സുരക്ഷാ പരിശോധനയ്ക്കുശേഷം കോട്ട് കൈയില്‍തൂക്കി ബാഗുമായി അബ്ബാസി പുറത്തേക്കുവരുന്ന ദൃശ്യങ്ങളാണ് ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തത്.

അമേരിക്കന്‍ വിമാനത്താവളത്തിലെ ദൃശ്യങ്ങളാണ് ഇതെന്ന് പാക് മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. പാക് ഭരണകൂടത്തിന്റെ ഭാഗമായ വ്യക്തികള്‍ക്കെതിരെ അമേരിക്ക വിസാ നിയന്ത്രണം അടക്കമുള്ളവ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നുവെന്ന് പാക് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ടുചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സുരക്ഷാ പരിശോധനയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.

അസുഖ ബാധിതയായ സഹോദരിയെ സന്ദര്‍ശിക്കാന്‍ അബ്ബാസി കഴിഞ്ഞയാഴ്ച അമേരിക്ക സന്ദര്‍ശിച്ചിരുന്നു. സ്വകാര്യ സന്ദര്‍ശനത്തിനിടെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് ഈ കൂടിക്കാഴ്ചയ്ക്കിടെയും അബ്ബാസിയോട് മൈക്ക് പെന്‍സ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, അബ്ബാസിയെ സുരക്ഷാ പരിശോധനയ്ക്ക് വിധേയനാക്കിയെന്ന വാര്‍ത്തകള്‍ പാകിസ്താനില്‍ കടുത്ത ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്. പാകിസ്താന്‍ അപമാനിക്കപ്പെട്ടുവെന്നും അബ്ബാസി രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നുമാണ് വിമര്‍ശം. 22 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തി ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നു. സ്വകാര്യ സന്ദര്‍ശനം ആയാല്‍പ്പോലും ഒരു പ്രധാനമന്ത്രിയാണെന്ന കാര്യവും നയതന്ത്ര പാസ്‌പോര്‍ട്ട് ഉള്ളകാര്യവും അബ്ബാസി ഓര്‍ക്കണമായിരുന്നുവെന്നും വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.