1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2015

സ്വന്തം ലേഖകന്‍: ഇസ്ലാമിക് നിയമത്തെ കുറിച്ച് വാര്‍ത്ത കൊടുത്തതിന് മലേഷ്യയില്‍ വെബ്‌സൈറ്റ് പത്രാധിപസമിതിയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഏഡ്ജ് മീഡിയാ ഗ്രൂപ്പ് തലവന്‍ ഹോ കേ ടാറ്റ്, മലേഷ്യന്‍ ഇന്‍സൈഡര്‍ ന്യൂസ് പോര്‍ട്ടല്‍ മേധാവി ജഹാബര്‍ സാദിക്, എന്നിവരാണ് അറസ്റ്റിലായത്. ഇസ്ലാം മതനിയമ പ്രകാരമുള്ള ശിക്ഷാ നടപടികളെ കുറിച്ചായിരുന്നു വാര്‍ത്ത.

ഒപ്പം മലേഷ്യന്‍ ഇന്‍സൈഡര്‍ ന്യൂസ് പോര്‍ട്ടലിന്റെ മാനേജിംഗ് എഡിറ്റര്‍ ലയണല്‍ ബഹാസാ ന്യൂസ് എഡിറ്റര്‍ അമീന്‍ ഇസ്‌കന്ദര്‍, ഫീച്ചേര്‍സ് ആന്‍ഡ് അനാലിസിസ് എഡിറ്റര്‍ സുള്‍ക്കിഫിലി സുലോംഗ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മലേഷ്യന്‍ പോലീസും മലേഷ്യന്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മള്‍ട്ടിമീഡിയ കമ്മീഷനും ചേര്‍ന്ന് മലേഷ്യന്‍ ഇന്‍സൈഡര്‍ ഓഫീസില്‍ റെയ്ഡ് നടത്തുകയും എഡിറ്റര്‍മാരെ അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്.

മാധ്യമ പ്രവര്‍ത്തരെ അറസ്റ്റ് ചെയ്ത കാര്യം സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് വൃത്തങ്ങള്‍ തയ്യാറായില്ല. രാജ്യദ്രോഹ നിയമവും കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മള്‍ട്ടി മീഡിയ നിയമവും അനുസരിച്ചാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് എന്നാണ് നിയമ വിദഗ്ദര്‍ നല്‍കുന്ന സൂചന.

ബ്രിട്ടീഷുകാരുടെ കാലത്ത് ആവിഷ്‌കരിച്ച രാജ്യദ്രോഹ നിരോധന നിയമമാണ് മലേഷ്യ ഇന്നും പിന്തുടരുന്നത്. രാജ്യദ്രോഹപരമായ പ്രവര്‍ത്തികള്‍ ഏതെല്ലാമാണെന്ന് സംബന്ധിച്ച അവ്യക്തത ഈ നിയമത്തില്‍ രൂക്ഷമാണ്. അതേസമയം മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്തയുടെ പേരില്‍ അറസ്റ്റ് ചെയ്ത നടപടി മാധ്യമ സ്വാതന്ത്ര്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലുമുള്ള കടന്നു കയറ്റമാണെന്ന വാദം ഉയര്‍ന്നിട്ടുണ്ട്.

കാലഹരണപ്പെട്ട രാജ്യദ്രോഹ നിരോധന നിയമം അനുസരിച്ച് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തരെ ഉടന്‍ വിട്ടയക്കണമെന്ന് സെന്റര്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് ജേര്‍ണലിസം, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ പ്രസ് അലയന്‍സ് എന്നിവ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.