1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2017

സ്വന്തം ലേഖകന്‍: കേരള പോലീസ് മേധാവിയായി ടിപി സെന്‍ കുമാറിന്റെ രണ്ടാം വരവ്, സുപ്രീം കോടതിയില്‍ കൊമ്പു കുത്തി കേരള സര്‍ക്കാര്‍, കോടതിയുടെ വക രൂക്ഷ വിമര്‍ശനവും 25,000 രൂപ കോടതിച്ചെലവും. കേരള പോലീസ് മേധാവിയായി ടി.പി. സെന്‍കുമാറിനെ പുനര്‍നിയമിക്കണമെന്ന ഉത്തരവില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഇത്തരത്തിലൊരു ഹര്‍ജി നല്‍കിയതിനു രൂക്ഷ വിമര്‍ശനവും നടത്തിയ കോടതി 25,000 രൂപ കോടതിച്ചെലവും പിഴയായി അടയ്ക്കാന്‍ വിധിച്ചു. ഒരാഴ്ചയ്ക്കകം പിഴ ഒടുക്കണം.

12 ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തരവിറങ്ങിയിട്ടും പോലീസ് ആസ്ഥാനത്തേക്കുള്ള വാതില്‍ സെന്‍കുമാറിന് മുന്നില്‍ കൊട്ടിയടച്ചത് നീതികരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തങ്ങളുടെ ഉത്തരവില്‍ യാതൊരു വിധത്തിലുമുള്ള വ്യക്തതക്കുറവും ഇല്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ പറഞ്ഞു. വിധി നടപ്പിലാക്കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി സര്‍ക്കാരിന്റെ നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി.

സുപ്രിം കോടതി വിധി നടപ്പിലാക്കാത്തതിന് ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി ഈ മാസം ഒമ്പതിന് വീണ്ടും പരിഗണിക്കും. കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ നേരിട്ട് വിളിച്ച് വരുത്തണമെന്ന സെന്‍കുമാറിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി. നോട്ടീസിന് സര്‍ക്കാര്‍ മറുപടി തന്നിട്ട് അക്കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

ഏപ്രില്‍ 24 നാണ് സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രധാന ഉത്തരവ് സുപ്രിം കോടതി പുറപ്പെടുവിച്ചത്. സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ നടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയായിരുന്നു പരമോന്നത കോടതിയുടെ ഉത്തരവ്. എന്നാല്‍ ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല. നിയമനത്തില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്നാണ് സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.