1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2015

സ്വന്തം ലേഖകന്‍: സെപ് ബ്ലാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജോര്‍ദന്‍ രാജകുമാരനും നിലവിലെ വൈസ് പ്രസിഡന്റുമായ അലി ബിന്‍ അല്‍ഹുസൈന്‍ വോട്ടെടുപ്പില്‍ നിന്നും പിന്‍മാറിയതോടെയാണ് ബ്ലാറ്റര്‍ക്ക് വീണ്ടും പ്രസിഡന്റാകാനുള്ള സാഹചര്യം ഒരുങ്ങിയത്. വേട്ടെടുപ്പിന്റെ ആദ്യ റൗണ്ടില്‍ രണ്ടു പേര്‍ക്കും ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ അലി ബിന്‍ അല്‍ഹുസൈന്‍ പിന്‍മാറുകയായിരുന്നു.

ആദ്യ റൗണ്ടില്‍ ബ്ലാറ്റര്‍ക്ക് 133 വോട്ടും അലി ബിന്‍ അല്‍ ഹുസൈന് 73 വോട്ടും ലഭിച്ചു. എന്നാല്‍ 209 അംഗ അസോസിയേഷനുകളില്‍ നിന്നു മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആര്‍ക്കും നേടാന്‍ സാധിച്ചില്ല. തുടര്‍ന്ന് അലി ബിന്‍ പിന്‍മാറി. 139 വോട്ടാണ് ജയിക്കാന്‍ വേണ്ടത്. അഞ്ചാം തവണയാണ് ബ്ലാറ്റര്‍ ഫിഫയുടെ അധ്യക്ഷനാകുന്നത്.

1998 മുതല്‍ ഫിഫയുടെ മേധാവിയാണ് സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ സെപ് ബ്ലാറ്റര്‍. എഴുപത്തിയൊന്‍പതുകാരനായ ബ്ലാറ്റര്‍ 1975 മുതല്‍ ഫിഫയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 17 വര്‍ഷം സെക്രട്ടറി ജനറലുമായി. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഏഷ്യയും ആഫ്രിക്കയും തെക്കേ അമേരിക്കയും ബ്ലാറ്ററെ പിന്തുണച്ചു. അടുത്ത നാലു വര്‍ഷത്തേക്ക് ഫിഫയെ ഞാനാണ് നയിക്കാന്‍ പോകുന്നത്. നമ്മുക്ക് മുന്നോട്ട് പോകാം എല്ലാവര്‍ക്കും നന്ദി. വിജയ വാര്‍ത്ത കേട്ട ബ്ലാറ്റര്‍ പ്രതികരിച്ചു.

ഫുട്‌ബോള്‍ ഭരണ രംഗത്തും അസോസിയേഷനുകളിലും സജീവമായുള്ളവര്‍ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാം. നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിനു മുന്‍പുള്ള അഞ്ചു വര്‍ഷത്തില്‍ രണ്ടു വര്‍ഷമെങ്കിലും എതെങ്കിലും ഫുട്‌ബോള്‍ അസോസിയേഷനില്‍ പ്രധാന ഭാരവാഹിയായിരിക്കണം.

ഫിഫയിലെ 209 രാജ്യങ്ങളുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ക്കാണ് വോട്ടവകാശം. 54 അംഗങ്ങള്‍ ആഫ്രിക്കയില്‍ നിന്നും 53 അംഗങ്ങള്‍ യൂറോപ്പില്‍ നിന്നും 46 അംഗങ്ങള്‍ ഏഷ്യയില്‍ നിന്നും 35 അംഗങ്ങള്‍ കോണ്‍കാകാഫില്‍ നിന്നും വോട്ടുചെയ്യും. മൂന്നില്‍ രണ്ടുവോട്ടു ആദ്യഘട്ടത്തില്‍ നേടുന്നയാളാണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.