1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2016

സ്വന്തം ലേഖകന്‍: യുഎസ് സെപ്തംബര്‍ 11 ബില്‍ നടപ്പിലാക്കിയാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന് സൗദിയുടെ മുന്നറിയിപ്പ്. പ്രസിഡന്റ് ഒബാമ വീറ്റോ ചെയ്ത ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അസാധുവാക്കിയത് സൗദിയെ ചൊടിപ്പിച്ചിരുന്നു. ബില്ലില്‍ ആശങ്കയറിയിച്ച് സൗദിക്കൊപ്പം ജിസിസി രാഷ്ട്രങ്ങളും രംഗത്തെത്തിയതോടെ ബില്‍ യുഎസ് കോണ്‍ഗ്രസ് പുനഃപരിശോധിച്ചേക്കും.

2001 സെപ്തംബര്‍ 11 ന് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് സൗദിക്കെതിരെ കേസ് കൊടുക്കാന്‍ അനുമതി നല്‍കുന്ന ജസ്റ്റീസ് അഗനിസ്റ്റ് സ്‌പോണ്‍സേര്‍സ് ഓഫ് ടെററിസം (ജാസ്റ്റ) ബില്ലാണ് യുഎസ് കോണ്‍ഗ്രസ് പാസ്സാക്കിയത്. ഇത് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഒബാമ വീറ്റോ ചെയ്‌തെങ്കിലും അസാധാരണമായ നീക്കത്തിലൂടെ വീറ്റോ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അസാധുവാക്കിയിരുന്നു.

പശ്ചിമേഷ്യയിലെ തങ്ങളുടെ അടുത്ത സഖ്യകക്ഷിയായ സൗദിയുമായുള്ള ബന്ധം വഷളാക്കാന്‍ ബില്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഒബാമയുടെ വീറ്റോ. യുഎസ് കോണ്‍ഗ്രസ് നീക്കം അതീവ ഉത്കണ്ഠയോടെയാണ് കാണുന്നതെന്നും ബില്‍ കാരണം ഉണ്ടാകുന്ന അപകടകരമായ പരിണിതഫലങ്ങള്‍ നേരിടാന്‍ തയ്യാറായിക്കോളൂവെന്നും സൗദി വിദേശകാര്യ മന്ത്രാലയം അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി.

ആക്രമണത്തില്‍ കൊല്ലപ്പെട്ട 3000ത്തോളം പേരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദേശ രാജ്യത്തിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ അനുവദിക്കുന്ന നിയമമായ ജസ്റ്റയ്ക്ക് ബുധനാഴ്ച്ചയാണ് യുഎസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്. 2001 സെപ്തംബര്‍ 11ന് ന്യൂയോര്‍ക്കിലെ ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ഗോപുരങ്ങളില്‍ വിമാനങ്ങള്‍ ഇടിച്ചിറക്കിയായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്. വിമാനം റാഞ്ചിയ 19 പേരില്‍ 15 പേരും സൗദി പൗരന്മാരാണ്. അതേസമയം, സൗദി ആരോപണം നിഷേധിച്ചിട്ടുണ്ട്.

യു.എസ് കോണ്‍ഗ്രസും സെനറ്റും പാസാക്കിയ ബില്ലാണ് വീറ്റോ അധികാരം ഉപയോഗിച്ച് നേരത്തെ ഒബാമ അസാധുവാക്കിയത്. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ബില്‍ എന്ന് കാണിച്ചാണ് ഒബാമ വീറ്റോ ഉപയോഗിച്ചത്. എന്നാല്‍ ഇതിനെയാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അമേരിക്കന്‍ കോണ്‍ഗ്രസ് മറികടക്കുകയായിരുന്നു. ബില്ലിനെതിരായ തന്റെ വീറ്റോ അസാധുവാക്കിയ യുഎസ് കോണ്‍ഗ്രസ് നടപടിയെ അപകടകരമായ കീഴ്‌വഴക്കമെന്നാണ് ഒബാമ വിശേഷിപ്പിച്ചത്.

രാജ്യങ്ങള്‍ തമ്മില്‍ ക്രിമിനല്‍ കേസുകള്‍ തടയുന്ന സോവറിന്‍ ഇമ്യൂണിറ്റി എന്ന ആശയത്തെ ഇത് നശിപ്പിക്കുമെന്നും വിദേശ രാജ്യങ്ങളിലെ യുഎസ് സൈനിക നടപടികളില്‍ അമേരിക്കയ്‌ക്കെതിരെ തന്നെ കേസ് വരാന്‍ ഇതിടയാക്കുമെന്നും ഒബാമ മുന്നറിയിപ്പ് നല്‍കി.

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ജിസിസി രാഷ്ട്രങ്ങളും ബില്ലിനെ ആശങ്കയോടെയാണ് കാണുന്നത്. ബില്ലിനെ വിമര്‍ശിച്ച് ഈ ഗള്‍ഫ് രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ബില്‍ പാസ്സായാല്‍ അമേരിക്കയുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കുമെന്ന് സൗദി നേരത്തെ മുന്നറിയ്പ്പ് നല്‍കിയിരുന്നു. ബില്‍ പ്രകാരം തങ്ങളുടെ ആസ്തികള്‍ അമേരിക്കന്‍ കോടതിയ്ക്ക് മരവിപ്പിക്കാനാവുമെന്നിരിക്കെ മുഴുവന്‍ നിക്ഷേപവും പിന്‍വലിക്കുമെന്നാണ് ഭീഷണി.

ബില്‍ പാസ്സാക്കുകയാണെങ്കില്‍ അമേരിക്കയില്‍ സൗദിക്കുള്ള 750 ബില്യണ്‍ ഡോളറിന്റെ ട്രഷറി സെക്യൂരിറ്റികളും മറ്റു നിക്ഷേപങ്ങളും മരവിപ്പിക്കുന്നതിന് മുമ്പ് വിറ്റഴിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 750 ബില്യണ്‍ ഡോളര്‍ ഒറ്റയടിക്ക് വിപണിയില്‍ നിന്നും പിന്‍വലിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം തകരാനിടയാക്കുന്നതിനൊപ്പം ഇത് അമേരിക്കയില്‍ പ്രതിസന്ധിക്ക് ഇടയാക്കുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.