1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2020

സ്വന്തം ലേഖകൻ: കൊവിഡിന്റെ പിടിയിലമർന്ന ലോകം മുഴുവൻ കാത്തിരിക്കുന്ന ഓക്സ്ഫഡിന്റെ കൊവിഡ് പ്രതിരോധ മരുന്ന് നവംബറിൽ ഇന്ത്യയിൽ ലഭ്യമായേക്കും. ഏകദേശം 1000 രൂപ വില വരുമെന്നും ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ഇന്ത്യന്‍ പങ്കാളികളായ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.

ക്ലിനിക്കല്‍ ട്രയലിന്റെ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ശുഭകരമായ ഫലമാണു നല്‍കുന്നതെന്നു ലാന്‍സെറ്റ് മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ശരീരത്തില്‍ ആന്റിബോഡിക്കൊപ്പം വൈറസിനെ നശിപ്പിക്കുന്ന ടി-സെല്ലുകള്‍ കൂടി ഉത്പാദിപ്പിക്കപ്പെടുന്നത് ഇരട്ടസംരക്ഷണം നല്‍കും. വാക്‌സിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ല എന്നതും ശുഭകരമാണ്.

പരീക്ഷണം നടത്താത്ത മരുന്നിനായി 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1500 കോടി രൂപ) ചെലവഴിക്കാനുള്ള തീരുമാനം വെറും 30 മിനിറ്റിനുള്ളിലാണ് സ്വീകരിച്ചതെന്നും അദര്‍ പൂനവാല പറഞ്ഞു. ഇന്ത്യയില്‍ എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കാന്‍ രണ്ടു വര്‍ഷം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഗസ്റ്റില്‍ ഇന്ത്യയില്‍ മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണം ഏറെ പ്രതീക്ഷയോടെയാണു നടത്തുന്നതെന്ന് അദര്‍ പൂനവാല പറഞ്ഞു. രണ്ടര മാസത്തിനുള്ളില്‍ അത് പൂര്‍ത്തിയാകും. ട്രയല്‍ പോസിറ്റീവായി ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയാല്‍ നവംബറില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിമാസം 60 മില്യണ്‍ വാക്‌സിന്‍ വയലുകളാവും നിര്‍മിക്കുക. ഇതില്‍ പകുതി കയറ്റുമതി ചെയ്യും. ബാക്കി 30 മില്യണ്‍ ഇന്ത്യയില്‍ തന്നെ ലഭ്യമാക്കും. ഇന്ത്യക്കൊപ്പം ലോകത്താകെയും വാക്‌സിന്‍ ലഭ്യമായില്ലെങ്കില്‍ അതുകൊണ്ടു ഗുണമുണ്ടാകില്ലെന്നും ഇക്കാര്യം അധികൃതര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദര്‍ പുനവാല പറഞ്ഞു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാവും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക.

വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാണെന്ന് ട്രയലുകള്‍ക്കുശേഷം മാത്രമേ പറയാനാവൂ എന്നും അദര്‍ പൂനവാല ഒരു ദേശീയമാധ്യമത്തോടു പറഞ്ഞു. എല്ലാ വാക്‌സിനുകളും സാധാരണയായി 70-80 ശതമാനമാണ് ഫലപ്രദമാകുന്നത്. അതായത് പത്തു പേരില്‍ രണ്ടു പേര്‍ പിന്നെയും രോഗിയായി മാറും. അതുകൊണ്ടു തന്നെ എത്രത്തോളം ആളുകള്‍ക്കു വാക്‌സിന്‍ സംരക്ഷണം ഒരുക്കുമെന്നു കാത്തിരുന്നു കാണേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകമാകെ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന നൂറോളം വാക്‌സിനുകളില്‍ ഒന്നാണ് ഓക്‌സ്ഫഡില്‍നിന്ന് എത്തുന്നത്. ഏപ്രില്‍ 23-നാണ് മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷിച്ചു തുടങ്ങിയത്. ചൈനയിലും യുഎസിലുമായി മറ്റ് ഏഴു വാക്‌സിനുകളുടെ ക്ലിനിക്കല്‍ ട്രയലും പുരോഗമിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.