1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2022

സ്വന്തം ലേഖകൻ: പീഡനപരാതിയില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ് അറസ്റ്റില്‍. സോളാര്‍ കേസ് പ്രതിയുടെ പരാതിയില്‍ മ്യൂസിയം പോലീസാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 354 (A) വകുപ്പുകള്‍ ചേര്‍ത്താണ് ജോര്‍ജിനെതിരെ കേസെടുത്തത്. സര്‍ക്കാരിനെതിരായ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് ഇന്ന് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെ തിരുവനന്തപുരം മ്യൂസിയം പോലീസ് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി കൊണ്ടുപോകുന്നതിനിടെ നാടകീയ രംഗങ്ങളും അരങ്ങേറി.

പിസി ജോര്‍ജ്ജ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് ഒരു മാധ്യമ പ്രവര്‍ത്തക ചോദ്യം ചെയ്തതോടെ പിസി ക്ഷുഭിതനായി. താങ്കളുടെ പേരാണോ പറയേണ്ടിയിരുന്നതെന്ന് പിസി ജോര്‍ജ് ചോദിച്ചതോടെ മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടു. പിസി ജോര്‍ജ് മാപ്പ് പറയണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന്, മാധ്യമപ്രവര്‍ത്തകരും പിസി ജോര്‍ജും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നു. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് പിസി ജോര്‍ജിനെ എആര്‍ ക്യാമ്പിലേക്ക് പോലീസ് കൊണ്ടുപോയത്.

ഈ വര്‍ഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും സോളാര്‍ കേസ് പ്രതി രഹസ്യ മൊഴി നല്‍കിയിരുന്നു. നേരത്തെ, സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നല്‍കിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാര്‍ പീഡന കേസ് പരാതിക്കാരിയും പി സി ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. അങ്ങനെയൊരു സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. എന്നാല്‍, രഹസ്യമൊഴിയിലുള്ള ആരോപണം പണം വാങ്ങിയുള്ളതെന്നാണ് പി സി ജോര്‍ജിന്‍റെ വാദം. രഹസ്യമൊഴി നുണയെന്ന് തെളിയുമെന്നും താന്‍ ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

അതേസമയം, സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ ഗൂഢാലോചന കേസിലാണ് പി സി ജോര്‍ജിനെ ഇന്നു ചോദ്യം ചെയ്യലിനു വിളിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പി സി ജോര്‍ജും സ്വപ്ന സുരേഷുമാണ് പ്രതികള്‍. കേസില്‍ സ്വപ്ന ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസിലെ ജീവനക്കാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചത്തേക്കു മാറ്റിയിരുന്നു. തിരുവനന്തപുരത്ത് റജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജനങ്ങളെ അണിനിരത്തി പ്രതികാരം ചെയ്യുമെന്ന് പി സി ജോര്‍ജ് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടിയാകും കൈക്കൊള്ളുക. ജനങ്ങളെ സത്യം ബോധ്യപ്പെടുത്തും. എ.കെ.ജി സെന്‍ററില്‍ ബോംബ് എറിഞ്ഞിട്ട് അത് കോണ്‍ഗ്രസാണ്, കമ്യൂണിസ്റ്റാണ് എന്ന് പറയുന്ന സ്വഭാവം എനിക്കില്ല. ഞാന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യും. മാത്യു കുഴല്‍നാടന്‍ പറഞ്ഞ പകുതി കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടില്ല. എന്നിട്ടെന്താണ് മാത്യുവിനെതിരെ കേസെടുക്കാത്തത്. പി സി ജോര്‍ജിനോട് എന്തും ആകാമെന്നാണോ. പിണറായി ഒരു മാസത്തിനകം പോകും. നിങ്ങള്‍ പേടിക്കേണ്ട എന്നും’ പി സി ജോര്‍ജ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.