
സ്വന്തം ലേഖകൻ: യുകെയിലേയ്ക്ക് തിരിച്ചെത്തണമെന്നും തെറ്റു മനസ്സിലാക്കിയതായും വെളിപ്പെടുത്തി ഐഎസിൽ ചേര്‍ന്ന ബ്രിട്ടീഷ് യുവതി ഷമീമ ബീഗം വീണ്ടും രംഗത്ത്. ഐഎസ് ഭീകരൻ്റെ വധുവായതിൽ തന്നോടു തന്നെ വെറുപ്പു തോന്നുന്നുവെന്ന് യുവതി ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തു വിട്ട പുതിയ വീഡിയോയിൽ വ്യക്തമാക്കുന്നു. താൻ ഭീകരതയ്ക്കതിരെയുള്ള പോരാട്ടത്തെ പിന്തുണയ്ക്കുന്നതായും തനിക്ക് രണ്ടാമതൊരു അവസരം തരണമെന്നും ഷമീമ ബീഗം അഭ്യര്‍ഥിച്ചു.
അതേസമയം, തന്നോടൊപ്പമെത്തി ഐഎസിൽ ചേര്‍ന്ന മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കില്ലെന്ന് ഷമീമ ബീഗം അറിയിച്ചതായി ദ സൺ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനിൽ തിരിച്ചെത്തിച്ചാൽ ഭീകരതയ്ക്കെതിരെ പോരാടാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് ഒരാഴ്ചയ്ക്ക് പിന്നാലെയാണ് 22കാരിയായ ഷമീമ തന്‍റെ നിലപാട് വ്യക്തമാക്കിയത്. കുട്ടികളെ തീവ്രവാദത്തിൽ നിന്ന് അകറ്റാനും ഭീകരരുടെ പാത പിന്തുടരുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും താൻ സഹായം ചെയ്യാമെന്നാണ് വ്യക്തമാക്കിയതെന്നാണ് ഷമീമയെ ഉദ്ധരിച്ച് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
തനിക്കൊപ്പം ബ്രിട്ടനിൽ നിന്ന് പോയി സിറിയയിലെത്തി ഐഎസിൽ ചേര്‍ന്നവരുടെ വിശദാംശങ്ങള്‍ പങ്കുവെക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഷമീമയോടൊപ്പം ഐഎസിൽ ചേര്‍ന്ന ചിലരെങ്കിലും ജീവിച്ചിരുപ്പുണ്ടെന്നും എന്നാൽ ഇവരെക്കുറിച്ച് അധികം കാര്യങ്ങളൊന്നും അറിയില്ലെന്നതിനാൽ ഈ തെളിവുകള്‍ ഗുണം ചെയ്യില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ ഡെയിലി മെയിലിനോടു പറഞ്ഞത്.
കൂടാതെ ഈ വീവരങ്ങള്‍ പുറത്തു പറയില്ലെന്ന് ഷമീമ വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അതേസമയം, ഷമീമ ബീഗത്തെ യുകെയിലേയ്ക്ക് തിരിച്ചു കൊണ്ടുവരാനാകില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബ്രിട്ടീഷ് ഭരണകൂടം. ഷമീമയുടെ ബ്രിട്ടീഷ് പൗരത്വം എടുത്തുകളയുമെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്ന് യുകെ ആരോഗ്യ സെക്രട്ടറിയും വ്യക്തമാക്കിയിരുന്നു.
ഭീകതവാദ ചിന്തകളിൽ നിന്ന് താൻ പൂര്‍ണമായും പിന്മാറിയെന്നാണ് ഷമീമ ബീഗം പറയുന്നത്. പുതുതായി പുറത്തു വന്ന വീഡിയോകളിൽ ബുര്‍ഖ ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ക്കു പകരം പാശ്ചാത്യ ശൈലിയിലുള്ള വേഷം ധരിച്ച ഷമീമയെയാണ് കാണാനാകുക. ഒരു സിറിയൻ അഭയാര്‍ഥി ക്യാംപിൽ നിന്നാണ് ഷമീമ സംസാരിക്കുന്നതെന്നാണ് പാശ്ചാത്യമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.
താൻ ഒരു ഇരയാണെന്നും തീവ്രവാദിയോ ക്രിമിനലോ അല്ലെന്നുമാണ് ഷമീമ പറയുന്നത്. ഐഎസ് ഭീകരനെ വിവാഹം ചെയ്തതിനു പിന്നാലെ തന്‍റെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടു പോയിരുന്നുവെന്നും ഇതിനു ശേഷം താനൊരു വീട്ടമ്മയായി കഴിയുകയായിരുന്നുവെന്നുമാണ് ഷമീമ പറയുന്നത്. എന്നാൽ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോര്‍ട്ടുകള്‍ ഈ വാദം തള്ളിക്കളയുന്നു.
ഐഎസിൻ്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സദാചാര പോലീസിൻ്റെ ഭാഗമായിരുന്നു ഷമീമ എന്നാണ് ഇൻ്റലിജൻസ് റിപ്പോര്‍ട്ട്. ചാവേറുകളുടെ കുപ്പായത്തിൽ ബോംബുകള്‍ തുന്നിച്ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ ഇവര്‍ ചെയ്തിരുന്നുവെന്നും ഇവരുടെ കൈവശം കലനിഷ്കോവ് തോക്ക് ഉണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സിറിയയിൽ ഷമീമ ഒരു സാധാരണ വീട്ടമ്മയായിരുന്നുവെന്ന വാദം തെറ്റാണെന്നാണ് യുകെ ആരോഗ്യ സെക്രട്ടറി സജിദ് ജവീദും പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല