1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2022

സ്വന്തം ലേഖകൻ: നടൻ ഷമ്മി തിലകനെ താരസംഘടനയായ ‘അമ്മ’യിൽനിന്ന് പുറത്താക്കി. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണു തീരുമാനം. ‘അമ്മ’യുടെ യോഗം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതിനാണു നടപടി. യോഗം ചിത്രീകരിച്ചത് തെറ്റാണെന്നാണു യോഗത്തിലെ പൊതുവികാരം. 2021 ൽ കൊച്ചിയിൽ നടന്ന യോഗം ഷമ്മി തിലകൻ ചിത്രീകരിച്ചത് വിവാദമായിരുന്നു. അച്ചടക്ക സമിതിക്ക് ഷമ്മി തിലകൻ വിശദീകരണം നല്‍കിയിരുന്നില്ല. അമ്മ ഭാരവാഹികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉന്നയിച്ചതും അച്ചടക്ക ലംഘനമായി കണക്കാക്കിയാണു നടപടി.

നേരത്തേ, പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കേസിൽ അകപ്പെട്ട വിജയ് ബാബു ‘അമ്മ’യിൽ തുടരുന്നതിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഷമ്മി തിലകനും പങ്കുവച്ചിരുന്നു. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർതൃത്വമാണ് താരസംഘടനയുടേത് എന്ന പേരടിയുടെ ഫെയ്സ്ബുക് കുറിപ്പ് ‘മാനിഷാദാ’ എന്ന ശ്ലോകം തലക്കെട്ടാക്കിയാണ് ഷമ്മി തിലകൻ പങ്കുവച്ചത്. ഷമ്മി തിലകനെ പുറത്താക്കിയ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വിജയ് ബാബുവും പങ്കെടുത്തിരുന്നു.

‌ഹേമ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ പങ്കെടുത്ത ‘അമ്മ’യുടെ പ്രതിനിധികൾക്കെതിരെയും ഷമ്മി തിലകൻ പരസ്യമായി രംഗത്തെത്തി. ‘പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം?’ എന്ന ആമുഖത്തോടെയായിരുന്നു ഷമ്മിയുടെ വിമർശനം. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ചു തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ ‘അമ്മ’യുടെ പ്രതിനിധികളായി പങ്കെടുത്തത് ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു, ട്രഷറര്‍ സിദ്ദിഖ് എന്നിവരായിരുന്നു. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയുള്ള ചർച്ചയിൽ ‘അമ്മ’യിലെ സ്ത്രീകൾക്കു പ്രാതിനിധ്യം കൊടുക്കുന്നില്ലെന്ന വിമർശനം ഉയരുമ്പോഴായിരുന്നു വിഷയത്തില്‍ നിലപാടു വ്യക്തമാക്കി ഷമ്മി എത്തിയത്.

‘പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..? സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ചു തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ‘അമ്മ’ പ്രതിനിധികൾ..! സ്ത്രീകളെ ‘പൊടിപോലുമില്ല കണ്ടുപിടിക്കാൻ’ എന്നൊക്കെ പറയുന്നവരോട്..! ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും…? പ്രവചിക്കാമോ..? (പ്രവചനം എന്തുതന്നെയായാലും ജനറൽ സെക്രട്ടറിയുടെ പത്രക്കുറിപ്പിനായി കാത്തിരിക്കുന്നു)’– ഇതായിരുന്നു ഷമ്മി തിലകന്റെ വാക്കുകൾ.

ഇതിനിടെ, അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ രൂക്ഷമായി വിമർശിച്ചും ഷമ്മി തിലകൻ വാർത്തകളിൽ ഇടംപിടിച്ചു. ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ സംഘടന സ്വീകരിച്ച നടപടി സംബന്ധിച്ച വാർത്താക്കുറിപ്പിൽ മറ്റൊരു വിഷയത്തിൽ അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുന്ന തന്റെ വിഷയം കൂടി ഉൾപ്പെടുത്തി എന്നതായിരുന്നു വിമർശനത്തിന് കാരണം. ഈ പത്രക്കുറിപ്പിലെ തന്നേക്കുറിച്ചുള്ള പ്രസ്താവന പിൻവലിച്ച് ജനറൽ സെക്രട്ടറി ഖേദം പ്രകടിപ്പിക്കണമെന്ന് ഷമ്മി തിലകൻ ആവശ്യപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.