1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2023

സ്വന്തം ലേഖകൻ: ടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സിനിമാ സംഘടനകള്‍ ഉന്നയിക്കുന്നത്. നിർമാതാക്കൾക്കും കൂടെ അഭിനയിക്കുന്ന സഹപ്രവർത്തകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന സാഹചര്യം വന്നപ്പോഴാണ് ഇവർക്കെതിരെ നടപടിയെടുക്കേണ്ടി വന്നതെന്ന് സിനിമാ സംഘടനകൾ പറയുന്നു. സെറ്റിൽ താരങ്ങളുടെേത് മോശം പെരുമാറ്റമെന്നും സിനിമകളുമായി സഹകരിക്കില്ലെന്നും സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.

താരസംഘടനയായ ‘അമ്മ’ കൂടി ഉൾപ്പട്ട യോഗത്തിലാണ് തീരുമാനം. കൊച്ചിയിൽ ചേര്‍ന്ന യോഗത്തിലാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് താരങ്ങളുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയത്. ഇപ്പോൾ ഡബ്ബിങ് നടക്കുന്ന സിനിമകൾ ഇവർക്ക് പൂർത്തിയാക്കാം. പുതിയ സിനിമകൾ നിർമാതാക്കൾക്ക് അവരുടെ സ്വന്തം തീരുമാനത്തിൽ ഇവരെ വച്ച് ചെയ്യാമെന്നും അതിൽ സംഘടനയുടെ യാതൊരു പരിഗണനയും ഉണ്ടായിരിക്കില്ലെന്നും രഞ്ജിത് പറഞ്ഞു.

‘‘എല്ലാ സംഘടനകളും ചേർന്ന് ഇപ്പോൾ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത് മലയാള സിനിമയുടെ നന്മയ്ക്കു വേണ്ടിയാണ്. ചെറുപ്പക്കാരായിട്ടുള്ള പല നടന്മാരെക്കുറിച്ചും നിരവധി പരാതികളാണ് വന്നിട്ടുള്ളത്. അതിൽ ഏറ്റവുമധികം പരാതികൾ വന്നിട്ടുള്ളത് ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെയാണ്. അതല്ലാത്തവരെക്കുറിച്ചും പരാതിയുണ്ട്. ഇവരിൽ പലരും ഒരു സംഘടനയിലും അംഗത്വം ഇല്ലാത്തവരാണ്. ‘അമ്മ’യിൽ അംഗത്വമെടുക്കാൻപോലും ഇവർക്ക് താൽപര്യമില്ല. നിയമപരമായ പല കാര്യങ്ങളും മുന്നോട്ടുപോകുന്നത് സംഘടനകൾ വഴിയാണ്. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമൊക്കെ പല പ്രശ്നങ്ങളും പരിഹരിക്കുന്നത് ഇങ്ങനെയാണ്. ഇവിടെ ഇപ്പോൾ പരാതി പരിഹരിക്കാൻപോലും പറ്റാത്ത സാഹചര്യമാണ്.

ഞങ്ങളുടെ എഗ്രിമെന്റിൽ ഒപ്പിടാതെ ഇനി ഒരു പ്രോജക്ടിനും എൻഓസി നൽകില്ല. നമ്മുടെ എൻഓസി ഇല്ലാത്ത ഒരു പ്രോജക്ടിലും െടക്നീഷ്യൻസ് സഹകരിക്കില്ല. മുൻപുള്ള പഴയതലമുറ നടന്മാരൊക്കെ എത്രയോ സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഇവിെട ഇപ്പോൾ ഒരു മര്യാദയും പാലിക്കാത്ത അവസ്ഥയാണ്. സ്വബോധത്തോടെയാണോ ഇതൊക്കെ ചെയ്യുന്നതെന്നു പോലും ഞങ്ങൾ സംശയിക്കുന്നു. പഴയകാല ആർട്ടിസ്റ്റുകൾക്കും ടെക്നീഷ്യൻസിനും അവരുടെ കൂടെ ഇരിക്കാൻ ഭയമാണെന്നു വരെ പറയുന്നുണ്ട്. അത്തരം സാഹചര്യങ്ങൾ വന്നപ്പോഴാണ് ഇതിനൊരു നിയന്ത്രണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയത്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സിനിമകൾ കഴിഞ്ഞാൽ ഇനി പ്രശ്നക്കാരായ താരങ്ങളെ ഞങ്ങൾക്കുവേണ്ട. അവരെ ഉപരോധിക്കുകയോ വിലക്കുകയോ അല്ല, ഞങ്ങളുടെ നിർമാതാക്കളോട് തന്നെ ഞങ്ങൾ പറയുകയാണ്, ഇനിയും ഇവരെ വച്ചു സിനിമകൾ ചെയ്താൽ ഇവിടെ ഒരു പരാതിയും എടുക്കില്ല. അങ്ങനെയൊരു പരാതി പരിഹരിക്കാൻ താൽപര്യമില്ല. സഹിക്കാൻ പറ്റാത്ത ആളുകളുമായി സഹകരിക്കാൻ പറ്റില്ല. ലൊക്കേഷനിൽ താമസിച്ചെത്തുക. സംവിധായകനെയോ നിർമാതാവിനെയോ മുതിർന്ന താരങ്ങളെപ്പോലും ബഹുമാനിക്കാത്ത തലമുറ. ഇതൊന്നും സഹിക്കാൻ പറ്റില്ല. രണ്ടാമത്തെ കാര്യം ലഹരി മരുന്നുകളുടെ ഉപയോഗം. പരസ്യമായി ഇരുന്നാണ് ചിലർ ഇത് ചെയ്യുന്നത്.

ലഹരിമരുന്ന് ഉപയോഗിക്കുന്ന ഒരുപാടുപേര്‍ സിനിമയിലുണ്ട് അതിനു സംശയമില്ല. എത്രകാലമാണ് സിനിമ ഇങ്ങനെ കൊണ്ടുപോകാൻ പറ്റുന്നത്. എഗ്രിമെന്റിൽ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന്. സംഘടനകൾ പറയുന്നത് കേൾക്കാൻ തയാറല്ലാത്തതിനാൽ ഇവരൊന്നും എഗ്രിമെന്റ് ഒപ്പിടാറില്ല. പരസ്യമായിട്ടിരുന്നാണ് ഈ നടന്മാർ ഇതൊക്കെ ചെയ്യുന്നത്. ഇവരുടെ നഖവും പല്ലും മുടിയുമൊക്കെ പരിശോധിക്കട്ടെ. ലഹരി ഉപയോഗം നടക്കുന്നുണ്ട്, ഇൻഡസ്ട്രി വളരെ കുഴപ്പത്തിലാണ് എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം തന്നെ അതിൽ വേണ്ട നിലപാട് എടുത്തിട്ടുണ്ട്.

ഇവരോട് ആരോടും ഞങ്ങൾക്ക് വ്യക്തിപരമായി വിരോധമില്ല. പക്ഷേ ഇവരുടെ ബോധമില്ലാത്ത അവസ്ഥയിൽ പലതും ചെയ്തുകൂട്ടുമ്പോൾ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ഒരു തെറ്റും ചെയ്യാത്ത സംഘടനകളാണ്. അങ്ങനെ മറ്റുള്ളവരുടെ ചീത്ത സംഘടനകൾ കേൾക്കുന്നതെന്തിനാണ്. അതുകൊണ്ട് ഞങ്ങൾ എല്ലാവരുടെയും കൂട്ടായ തീരുമാനമാണ് ഇത്തരം ആളുകളോട് ഞങ്ങൾ സഹകരിക്കുന്നില്ല. ഒരു സംഘടനയുടെ അല്ല എല്ലാ സംഘടനയുടെയും കൂട്ടായ തീരുമാനമാണിത്. ‘അമ്മ’യും ഫെഫ്കയും ഒക്കെ സിനിമയുടെ ഓരോ കാലഘട്ടത്തിലും ബുദ്ധിമുട്ടുകൾ വരുമ്പോൾ സഹായിക്കുന്ന സംഘടനകളാണ്. ഞങ്ങൾ ഏകപക്ഷീയമായി ഒരു തീരുമാനവും എടുക്കണ്ട എന്ന് കരുതിയത് എല്ലാത്തിലും സഹകരിക്കുന്നവർ ഒരുമിച്ച് നല്ല സിനിമകൾക്ക് വേണ്ടി നല്ല നടീനടന്മാരെയും ടെക്നിഷ്യൻമാരെയും പ്രോത്സാഹിപ്പിക്കാൻ തയാറുള്ളതുകൊണ്ടാണ്.

സംഘടന പറയുന്നത് കേൾക്കാൻ തയാറല്ലാത്തവരുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി എടുക്കുന്നത്. പേര് പുറത്തുവരാത്ത പലരുമുണ്ട്, പരാതി വരുമ്പോൾ അവരുടെ പേര് പരസ്യമായി പറയും. ഈ രണ്ടുപേരുടെ പേരിൽ നിരവധി പരാതികളുണ്ട്. ഇത് എത്ര കാലത്തേക്ക് എന്നൊന്നും പറയുന്നില്ല. സിനിമ എടുക്കുന്നവർക്ക് ഇവരെ വേണ്ട എന്ന് വയ്ക്കാമല്ലോ. കൂടെ അഭിനയിക്കുന്നവർക്കും വർക്ക് ചെയ്യുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നവരെ വേണ്ട എന്നാണ് തീരുമാനം. ഒരുപാട് ആളുകളുടെ പേരുകൾ നമ്മുടെ കയ്യിൽ ഉണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ പേരിൽ മാത്രമല്ല ഇവരുടെ പേര് പറഞ്ഞത്. നിർമാതാക്കൾക്കും മറ്റു പലർക്കും നിരവധി ബുദ്ധിമുട്ട് ഉണ്ടാക്കുന്നവരുടെ പേരുകളാണ് പറഞ്ഞത്. മറ്റുള്ളവർ ഇത് കണ്ടു ഇതുപോലെ ചെയ്യരുത്. സ്ത്രീ സുരക്ഷാ വളരെ കാര്യമായി നോക്കുന്ന കാലമാണിത്. പല സ്ഥലങ്ങളിലും ഞങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സ്ത്രീകളായ നിർമാതാക്കൾക്ക് ബുദ്ധിമുട്ടുണ്ട്. സോഫിയ പോളിന്റെ ലൊക്കേഷനിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയതിന്റെ പേരിൽ പരാതി ലഭിച്ചിട്ടുണ്ട്. നിർമാതാക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഇനി അവരുമായി സഹകരിക്കില്ല എന്ന് തീരുമാനിച്ചത്. പുതിയ തലമുറയിലെ ചെറുപ്പക്കാരിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. സിനിമ ഇൻഡസ്ട്രി നന്നാകാൻ വേണ്ടിയാണ് ഇത്തരത്തിൽ തീരുമാനം എടുക്കുന്നത്.

ഷൂട്ടിങ് സെറ്റിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ ആ നഷ്ടം നടന്മാരുടെ കയ്യിൽ നിന്ന് വകയിരുത്താൻ ഉള്ള സ്വാതന്ത്ര്യം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എല്ലാ സംഘടനയും തന്നിട്ടുണ്ട്. ഷെയ്‌ൻ നിഗത്തിന്റെ ‘കുർബാനി’ എന്ന ചിത്രം ചെയ്തു തീർക്കാൻ കിടക്കുകയാണ്. അതിന്റെ ഡബ്ബിങ് അദ്ദേഹം ചെയ്തു കൊടുത്തേ പറ്റൂ. ഒരു സിനിമ പകുതി ആകുമ്പോൾ ഷെയ്ൻ നിഗം അദ്ദേഹത്തിന്റെ പ്രാധാന്യം കുറഞ്ഞുപോയെന്നും എഡിറ്റിങ് കാണിച്ചില്ലെങ്കിൽ ബാക്കി ചെയ്യില്ല എന്നുമൊക്കെ പറഞ്ഞതിന്റെ പേരിൽ ആണ് പ്രശ്നങ്ങൾ ഉണ്ടായത്. ശ്രീനാഥ്‌ ഭാസിയുടെ കാര്യത്തിൽ അദ്ദേഹം സിനിമയിൽ അഭിനയിക്കാം എന്നുപറഞ്ഞ് ആർക്കൊക്കെയാണ് ഒപ്പിട്ടു കൊടുക്കുന്നത് എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ എഗ്രിമെന്റിൽ ഒപ്പിടുന്നത് അദ്ദേഹത്തെ കുരുക്കാൻ ആണെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ പറയുന്ന ഒരാളെ വച്ച് എങ്ങനെയാണ് വർക്ക് ചെയ്യുന്നത്. ചെറുപ്പക്കാരായ താരങ്ങൾ തങ്ങളെ ചീത്ത വിളിക്കുന്നു എന്നാണു പ്രൊഡക്‌ഷൻ കൺട്രോളർമാർ പറയുന്നത്. എത്ര മാന്യമായി നടന്ന ഒരു ഇൻഡസ്ട്രി ആണ്, അതിനെ കരിവാരിത്തേക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. സംഘടനകൾ വലിയ പ്രശ്നങ്ങൾ തന്നെ നിസാരമായ ഫോൺ കോളിൽ തീർക്കാറുണ്ട്. പക്ഷേ ആരെയും അനുസരിക്കാത്ത ഒരു തലമുറ ഉണ്ടാകുന്നത് അംഗീകരിക്കാൻ പറ്റില്ല.’’–എം. രഞ്ജിത്ത് പറഞ്ഞു.

നിർമ്മാതാക്കൾ പറയുന്ന ആരോപണത്തിൽ വാസ്തവമുണ്ടെന്ന് ‘അമ്മ’യുടെ സെക്രട്ടറി ഇടവേള ബാബു പറയുന്നു. നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തോടൊപ്പം നിൽക്കുകയാണ്‌ തങ്ങളെന്നും ഇടവേള ബാബു വ്യക്തമാക്കി.

‘‘നിർമാതാക്കളുടെ ആരോപണത്തിൽ കഴമ്പുണ്ട്. അതിനെ എങ്ങനെ പരിഹരിക്കാം എന്നാണ് ഞങ്ങൾ നോക്കുന്നത്. ശ്രീനാഥ്‌ ഭാസി ‘അമ്മ’യിൽ അംഗമല്ല അദ്ദേഹത്തെ വച്ച് പടമെടുക്കുന്ന നിർമാതാവാണ് എല്ലാ റിസ്കും എടുക്കേണ്ടത് അല്ലാതെ നിവർത്തിയില്ല. ഒരു സെറ്റിൽ എന്ത് പ്രശ്നം ഉണ്ടായാലും നിർമാതാവ് ആണ് റിസ്ക് എടുക്കേണ്ടത്. പഴി കേൾക്കുന്നത് ഞങ്ങൾ അടക്കമുള്ള താരസംഘടന ആണ്. മെമ്പർമാരായ ആളുകളുടെ പേരിൽ പരാതി വന്നാൽ അത് അപ്പപ്പോൾ തീർത്തു പോകാറുണ്ട്. ഷെയ്ൻ അംഗം ആകുന്നത് വെയിൽ എന്ന പടത്തിൽ ഒരു പ്രശ്നം വന്നപ്പോഴാണ്. ശ്രീനാഥ്‌ ഭാസി ഇപ്പോഴും മെംബർ അല്ല.’’– ഇടവേള ബാബു പറഞ്ഞു.

സംഘടനകളിൽ അംഗമല്ലെങ്കിലും സിനിമയിൽ അഭിനയിക്കുന്നതിൽ പ്രശ്നമല്ല. പക്ഷേ ഒരു സിനിമയിലേക്ക് താരങ്ങളെ കാസ്റ്റ് ചെയ്യുമ്പോൾ സംഘടനകളിൽ അംഗമല്ലാത്ത താരങ്ങളുടെ ബാധ്യത നിർമാതാക്കൾ തന്നെ ഏറ്റെടുക്കേണ്ടി വരുന്നു. അത്തരം റിസ്ക് എടുക്കാൻ തയാറുള്ള നിർമാതാക്കൾ മാത്രമേ അവരെ കാസ്റ്റ് ചെയ്യാവൂ എന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

‘‘ഒരു സംഘടനയിൽ നിർബന്ധമായി മെംബർഷിപ്പ് എടുക്കണമെന്ന് ആരോടും പറയാൻ കഴിയില്ല. സംഘടനയിൽ മെംബർഷിപ്പ് എടുക്കാത്തവർക്ക് മലയാള സിനിമയിൽ പ്രവർത്തിക്കുന്നതിന് തടസമില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ടെക്നീഷ്യൻസുമായിട്ടുള്ള എഗ്രിമെന്റ് ഫെഫ്കയിൽ അയച്ചുതന്നു. ഞങ്ങളുടെ ഭേദഗതി കൂടി ചേർത്തുകൊണ്ടാണ് ഫൈനൽ എഗ്രിമെന്റ് ഉണ്ടാക്കുന്നത്. എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കൂടിയുള്ള സംയുക്ത യോഗത്തിൽ ആയിരിക്കും അതിനു തീർപ്പുണ്ടാവുക എന്നതാണ് അതിൽ ഒരു ക്ലോസ് ഉള്ളത്. ഫെഫ്കയെ സംബന്ധിച്ചിടത്തോളം 95 ശതമാനം ആളുകളും അംഗമാണ്, ഞങ്ങൾക്ക് അങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നുമില്ല. താരങ്ങളുടെ സംഘടനയുടെ എഗ്രിമെന്റിൽ ഇവർ ഒരു പുതിയ ക്ലോസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു നടൻ ഈ സംഘടനയിൽ അംഗമല്ല എന്ന് പറഞ്ഞാൽ നിർമാതാവിന് ആവശ്യമുണ്ടെങ്കിൽ മാത്രമേ ആ താരത്തെ തിരഞ്ഞെടുക്കാൻ പറ്റൂ.’’ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.