1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2022

സ്വന്തം ലേഖകൻ: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) അന്തരിച്ചു. തായ്‌ലൻഡിലെ കോ സാമുയിയിലെ വോണിന്റെ ഉടമസ്ഥതയിലുള്ള വില്ലയിൽ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യവിവരം. അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായ ഷെയ്ൻ വോൺ, 1969 സെപ്റ്റംബർ 13ന് ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ജനിച്ചത്. 1992ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ൻ വോൺ. 145 ടെസ്റ്റുകളിൽനിന്ന് 708 വിക്കറ്റുകൾ നേടി.

2007 ഡിസംബർ 3ന്‌ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് വോണിന്റെ റെക്കോർഡ് മറികടന്നത്. 194 ഏകദിനങ്ങളിൽനിന്ന് 293 വിക്കറ്റുകളും നേടി. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽനിന്നായി ആയിരത്തിലധികം വിക്കറ്റ് വോൺ നേടിയിട്ടുണ്ട്. മുത്തയ്യ മുരളീധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്ററാണ് വോൺ.

2008ലെ പ്രഥമ ഐപിഎൽ ടൂർണമെന്റിൽ രാജസ്ഥാൻ റോയൽസ് കിരീടം ചൂടിയത് ഷെയ്ൻ വോണിന്റെ നേതൃത്വത്തിലാണ്. കളിക്കളത്തിനകത്തും പുറത്തും ഉജ്ജ്വല വ്യക്തിത്വമുള്ള വോൺ കമന്റേറ്റർ എന്ന നിലയിലും വിജയം കണ്ടെത്തി. മത്സരങ്ങൾ കൃത്യമായി വിശകലനം ചെയ്യുന്ന വിദഗ്ധരിൽ ഒരാളായി അദ്ദേഹം പരിഗണിക്കപ്പെട്ടു.

ട്വിറ്ററിലും നിറഞ്ഞുനിന്ന താരമായിരുന്നു വോൺ. മുൻ ആസ്‌ട്രേലിയൻ ക്രിക്കറ്റ് താരം റോഡ്‌നി മാർഷിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് വോൺ തന്റെ അക്കൗണ്ടിൽനിന്ന് അവസാനമായി ട്വീറ്റ് ചെയ്തത് വെള്ളിയാഴ്ചയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.