1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2022

സ്വന്തം ലേഖകൻ: കഴിഞ്ഞ ആഴ്ചത്തെ മഴക്കെടുതിക്ക് ഇരയായവര്‍ക്ക് സഹായ ഹസ്തവുമായി ഷാര്‍ജ ഭരണകൂടം. ദിവസങ്ങളോളം നീണ്ടു നിന്ന് ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടുകള്‍ വിട്ട് മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടി വന്നവര്‍ക്കാണ് സഹായ വാഗ്ദാനവുമായി ഷാര്‍ജ ഭരണാധികാരി രംഗത്തെത്തിയത്. പ്രളയ വേളയില്‍ ഹോട്ടലുകളിലും താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലും താമസിക്കേണ്ടി വന്നവര്‍ക്ക് അര ലക്ഷം ദിര്‍ഹം വീതം ധനസഹായം നല്‍കുമെന്ന് ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അറിയിച്ചു.

ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ഭരണാധികാരി നിര്‍ദേശം നല്‍കിയതായി ഷാര്‍ജ സാമൂഹിക സേവന വകുപ്പ് മേധാവി അഫാഫ് അല്‍ മര്‍റി അറിയിച്ചു. പ്രാദേശിക ചാനല്‍ വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രളയത്തില്‍ വീടുകള്‍ക്കുണ്ടായ കേടുപാടുകള്‍ തീര്‍ത്തും നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ക്ക് വീണ്ടെടുത്തും എത്രയും വേഗം സ്വന്തം വീടുകളിലേക്ക് മാറാന്‍ ക്യാംപുകളിലും മറ്റും കഴിയുന്നവരെ പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ് ഈ സഹായ ധനം പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

പ്രതികൂല കാലാവസ്ഥയില്‍ ജീവിതം തകിടം മറിഞ്ഞവര്‍ ഒറ്റക്കല്ലെന്ന സന്ദേശം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഷാര്‍ജ എമിറേറ്റിലെ 65ലേറെ കുടുംബങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎഇയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ആഴ്ചയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് ഷാര്‍ജ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായത്.

സംഭവത്തില്‍ എഷ്യന്‍ വംശജരായ ഏഴുപേര്‍ മരിക്കുകയും നിരവധി വീടുകളും കടകളും റോഡുകളും തകരുകയും ചെയ്തിരുന്നു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഷാര്‍ജയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് പേമാരി കൂടുതലായി ദുരിതം വിതച്ചത്. ദുരന്ത ബാധിതര്‍ക്ക് ഹോട്ടലുകളില്‍ താമസസൗകര്യവും ഭക്ഷണമടക്കം മറ്റു അവശ്യവസ്തുക്കളും ലഭ്യമാക്കിയിരുന്നു.

ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിപ്പോയ 870ലേറെ പേരെ സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന് രക്ഷിച്ചിരുന്നു. ഇവരില്‍ 150ലേറെ പേര്‍ക്കാണ് വിവിധ ഹോട്ടലുകളിലും മറ്റുമായി താമസ സൗകര്യം ഒരുക്കിയത്. ഇവര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ് ഷാര്‍ജ ശെയ്ഖിന്റെ ധനസഹായ പ്രഖ്യാപനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.