
സ്വന്തം ലേഖകൻ: ചെറുതും വലുതുമായ സംരംഭങ്ങൾ തുടങ്ങാൻ ഇന്ത്യൻ നിക്ഷേപകർക്ക് ഇളവുകളോടെ അവസരമൊരുക്കുമെന്നു ഷാർജ. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയ സാഹചര്യത്തിൽ നടപടികൾ വേഗത്തിലാക്കും. സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനും ഷാർജ-ഇന്ത്യ ബിസിനസ് ഫോറത്തിൽ ധാരണയായി.
ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (എസ്‌സിസിഐ) ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ ഇന്ത്യയിലെയും യുഎഇയിലെയും സംരംഭകർ പങ്കെടുത്തു. പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്താനും സംരംഭങ്ങൾ തുടങ്ങാനും അതത് മേഖലയിലുള്ളവരുടെ മാർഗനിർദേശങ്ങൾ ലഭ്യമാക്കും. തുടർ പദ്ധതികളുടെ സമഗ്ര രൂപരേഖ തയാറാക്കി. സംയുക്ത പദ്ധതികൾക്ക് രാജ്യാന്തര വിപണിയിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നു പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
സ്വർണം, കെട്ടിടനിർമാണം, ഇലക്ട്രോണിക്സ്, ടെക്സ്റ്റൈൽസ്, ഗാർഹിക വൈദ്യുതോപകരണങ്ങൾ, മെഡിക്കൽ സാമഗ്രികൾ, ഷിപ്പിങ് സർവീസ്, ഭക്ഷ്യോൽപന്നങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നത്. ഷാർജയിലെ നിക്ഷേപാവസരങ്ങൾ വിശദീകരിക്കാൻ എസ് സിസിഐ പ്രതിനിധികൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തും. ഒട്ടേറെ ചെറുകിട-ഇടത്തരം സംരംഭകരെ ആകർഷിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
മെഡിക്കൽ ഉപകരണങ്ങൾ, പുനർസംസ്കരണം, എണ്ണ എന്നിവയടക്കമുള്ള മേഖലകളിൽ ഒട്ടേറെ ഇന്ത്യൻ നിക്ഷേപകർ ഷാർജയിലെ ഫ്രീസോണുകളിലടക്കം പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെയും യുഎഇയിലെയും യുവ വ്യവസായ സംരംഭകർ, വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയവർ എന്നിവരുടെ പൊതുവേദിയും നേരത്തേ രൂപീകരിച്ചിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല